≡ ഏപ്രില്‍ 2017
വര: ഉണ്ണികൃഷ്ണന്‍
കഥ

വിശപ്പ്‌

ഓഫീസ് മുറി ശരിയായി തൂക്കാത്തതിന് തലയിൽ കിഴുക്ക് കൊണ്ടെങ്കിലും പെൺകുട്ടിക്ക് വേദന തോന്നിയില്ല. അര മണിക്കൂറിനുള്ളിൽ ആര്യയും വീട്ടുകാരുമെത്തും. ഷൂസിലെ പൊടി പോലും ഓരോ പിരീഡിനും ശേഷം തുടച്ചു വൃത്തിയാക്കുന്ന ആര്യക്ക് മുൻപിൽ മഠം വൃത്തികേടായി കിടന്നു കൂടാ.

ആര്യയുടെ പിറന്നാളായിരുന്നു ഇന്നലെ. കഴിഞ്ഞ വർഷത്തേതു പോലെ അവൾ ക്ലാസ്സിലേക്ക് ചോക്ളേറ്റുമായി വരുമെന്നാണ് കരുതിയത്. ഉച്ചയായിട്ടും ഒന്നും കാണാതായപ്പോൾ, ചോദിക്കേണ്ടെന്ന് എത്ര വിചാരിച്ചിട്ടും, കഴിഞ്ഞ കൊല്ലത്തെ മധുരം അയവിറക്കിക്കൊണ്ടിരുന്ന മനസ്സിനെ അടക്കി നിർത്താൻ പറ്റിയില്ല. അപ്പോളാണ് ആര്യ പറഞ്ഞത്, ചോക്കലേറ്റിന് പകരം ഈ അനാഥാലയത്തിലെ എല്ലാവര്‍ക്കും ഇന്ന് ഉച്ചഭക്ഷണം കൊടുക്കാൻ ആണ് അവളുടെ അച്ഛൻ തീരുമാനിച്ചിരിക്കുന്നതെന്ന്.

" എല്ലാവർക്കും ഉച്ചഭക്ഷണം?! " അത്ഭുതവും സന്തോഷവും കൊണ്ട് പെൺകുട്ടിയുടെ ശബ്‍ദം തൊണ്ടയിൽ കുരുങ്ങിപ്പോയി. കോഴിക്കറിയും, മീൻ വറുത്തതും , ചെമ്മീൻ ചമ്മന്തിയും, പലതരം ചോറുകളും. നോക്കില്ലെന്ന് എത്ര വിചാരിച്ചാലും, ഉച്ച തിരിഞ്ഞുള്ള പിരീഡുകളിൽ, ആര്യയുടെ സുഗന്ധം പരത്തുന്ന ലഞ്ച് ബോക്സ്, ഒരു ചിത്രം പോലെ പെൺകുട്ടിക്ക് ഓർത്തെടുക്കാം. അത് പോലെയാവുമോ നാളെയും?!

" അതിൽക്കൂടുതൽ ഉണ്ടല്ലോ." ആര്യ ചിരിച്ചു.

" അച്ഛൻ പായസമൊക്കെ പറഞ്ഞിട്ടുണ്ട്"

ആര്യയെ കൊണ്ടാക്കാൻ കാറിൽ വരുമ്പോൾ കണ്ടിട്ടുള്ള, ആറടി പൊക്കവും ചുരുണ്ട മുടിയും ഉള്ള ആ മനുഷ്യന് പൊടുന്നനെ തന്‍റെ ദിവസം ഇത്രയും പ്രകാശമാനമാക്കാൻ കഴിയുമെന്ന് പെൺകുട്ടി കരുതിയതല്ലായിരുന്നു. അവൾക്കു സന്തോഷം അടക്കാൻ കഴിഞ്ഞില്ല.

നഗരത്തിലെ പ്രശസ്തമായ അവളുടെ സ്കൂളിൽ , മഠത്തിലെ ഒന്നോ രണ്ടോ കുട്ടികളെ ഫീസില്ലാതെ ഓരോ വർഷവും ചേർക്കുന്നത് വലിയ ഭാഗ്യമാണെന്നാണ് സംസാരം. പക്ഷേ, പ്രവചിക്കാവുന്നതും അല്ലാത്തതുമായ ഒരുപാട് സന്ദർഭങ്ങളിൽ, പ്രത്യേകിച്ചും ഉച്ചസമയത്തെ കൊതിപ്പിക്കുന്ന മണങ്ങൾക്കിടയിലിരുന്നു എന്നും മഠത്തിലെ ചോറും കടലയും കഴിക്കുമ്പോൾ, ഭാഗ്യങ്ങളിലും വേരോടുന്ന നിർഭാഗ്യങ്ങളുടെ ഞരമ്പുകൾ, വെണ്ടയ്ക്ക മെഴുക്കുപുരട്ടിയിൽ നിന്നും കിട്ടിയ തലമുടി പോലെ, കുട്ടിയുടെ ചിന്തകളിൽ കുരുങ്ങിക്കിടക്കും.

സ്കൂൾ കഴിഞ്ഞു മഠത്തിൽ എത്തിയാലും, തുണി കഴുകലും, മുറ്റമടിക്കലും, ചെടി നനക്കലും കഴിഞ്ഞാണ് അടുത്ത ഭക്ഷണം. ആരെങ്കിലും ചളി ചവിട്ടിക്കയറ്റിയതിന്‍റെയോ, അശ്രദ്ധ കാണിച്ചു പാത്രം ഉടഞ്ഞു പോയതിന്‍റെയോ ഒക്കെ കണക്കുകളിൽ ശകാരം ഉയരുന്നവയാണ് അധികം അത്താഴ സമയങ്ങളും. കുറ്റവാളി, എത്രയും പെട്ടെന്ന് മുന്നോട്ടു വന്നു തെറ്റ് ഏറ്റു പറയണേ എന്ന് പെൺകുട്ടി മനസ്സുരുകി പ്രാർത്ഥിക്കുന്ന നിമിഷങ്ങൾ. അല്ലെങ്കിൽ ശകാരം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായി.

"കുടുംബത്തിൽ പിറന്നവരാണെങ്കിലല്ലേ നേരാം വണ്ണം പെരുമാറു. അല്ലാത്തതിനെ ഒക്കെ എത്ര നേരേയാക്കാൻ നോക്കിയാലും ഇങ്ങനെയേ ആവൂ. എന്ത് കേട്ടാലും നാണമില്ലാതെ തിന്നാൻ നിരന്നു നിന്നോളും."

ലജ്ജയിൽ കുനിഞ്ഞ ശിരസ്സുമായി ചിലർ, ഭക്ഷണത്തിലുറപ്പിച്ച വാടിയ കണ്ണുകളുള്ള ചിലർ, പകയെരിയുന്ന മുഖവുമായി മറ്റു ചിലർ. അവർക്കിടയിലൂടെ എത്രയോ പ്രാവശ്യം പെൺകുട്ടി പാത്രം തിരികെ വെച്ച് ഉറങ്ങാൻ പോയിട്ടുണ്ട്!

പുറത്തു നിന്ന് സന്ദർശകർ ഉള്ള ദിവസങ്ങൾ പക്ഷെ വ്യത്യസ്തമാണ്. മഠം പൗഡറിട്ടു മുഖം മിനുക്കുമ്പോൾ, ചുളിവുകൾ തൽക്കാലത്തേക്കെങ്കിലും അപ്രത്യക്ഷമാവുന്നു. അതിഥികളോട് ചിരിച്ചു സംസാരിക്കുമ്പോൾ, ചിലരെങ്കിലും ഒന്ന് രണ്ടു വട്ടം പെൺകുട്ടിയെ ചേർത്ത് നിർത്തി മുടിയിൽ വിരലോടിച്ചു പറഞ്ഞിട്ടുമുണ്ട് - "ലേഖ മിടുക്കിയാണ്. ഇവൾക്കായിരുന്നു യു പി വിഭാഗം കവിത രചനയിൽ ഫസ്റ്റ് പ്രൈസ്; പഠിക്കാനും മുന്നിലാണ്."

ഇന്നും അങ്ങനെ ആരെങ്കിലും ഓർത്തു പറയുമോ ആര്യയുടെ വീട്ടുകാരോട്! കാറിറങ്ങി ക്‌ളാസ്സിലേക്കു നടക്കുന്ന ആര്യയെ നോക്കാറുള്ളത് പോലെ, അത് കേട്ട് അവളുടെ അച്ഛൻ സ്നേഹസ്മൃണനായി തന്നെയും നോക്കുമോ! പെൺകുട്ടിക്ക് സന്തോഷം അടക്കാനായില്ല.

"ദേ അവരൊക്കെ എത്തി കേട്ടോ. കുറച്ചു ഫ്രണ്ട്സും ഉണ്ട്. ഭക്ഷണം ഹാളിലേക്ക് വെക്കുകയാണ്. പിന്നെ, അത് കൊടുത്തു തുടങ്ങും മുൻപ്, ഓഫീസിൽ വെച്ച് മിസ്റ്റർ സുമോദ് മേനോനെപ്പറ്റി രണ്ടു വാക്കു പറയണം എന്ന് പറയുന്നു."

ഓഫീസിൽ വന്നു ആരോ പറഞ്ഞു കേട്ടതും, പെൺകുട്ടി ഒറ്റയോട്ടത്തിനു മുറ്റത്തെത്തി. അവിടെ നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ നിന്ന് ഇറങ്ങി വരുന്ന കുറച്ചു പേരോടൊപ്പം, കയ്യിൽ വലിയൊരു കേക്കുമായി ആര്യയും. ഭക്ഷണത്തിന്‍റെ വലിയ പാത്രങ്ങൾ ഹാളിലേക്ക് മാറ്റാൻ സഹായിക്കുന്ന ചിലർ. സ്കൂളിൽ ഉച്ചസമയത്തു പല പാത്രങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന അതെ സമ്മിശ്ര ഗന്ധം. പെൺകുട്ടി ഉത്സാഹത്തോടെ ഓടിച്ചെന്നു ആര്യയുടെ കൈ പിടിച്ചപ്പോൾ, ആര്യയും ചിരിച്ചു.

" അമ്മേ, ഇത് ലേഖ, ഇവളുടെ നോട്ടുബുക്ക് ആണ് അമ്മ നല്ല ഹാൻഡ് റൈറ്റിങ്‌ എന്ന് പറഞ്ഞത്."

" ആണോ?, മിടുക്കി!"

ആര്യയുടെ അമ്മയുടെ തുടുത്ത കയ്യുകൾ തന്‍റെ തോളത്തു തൊട്ടപ്പോൾ, പെൺകുട്ടിക്ക് ഒരു സുഖമുള്ള സ്വപ്നത്തിൽ താൻ അലിഞ്ഞു പോവുന്നത് പോലെ തോന്നി.

"ലേഖ ആദ്യം പോയി എല്ലാ കുട്ടികളെയും വിളിച്ചിട്ടു വരൂ, നമുക്കൊരു ഫോട്ടോ എടുക്കാം"

മൊബൈൽ മുഖത്തേക്ക് തിരിച്ചു വെച്ച് അവർ ഫോട്ടോയെടുക്കാൻ തുടങ്ങുമ്പോൾ , പെൺകുട്ടി ഫ്രില്ലിട്ട മഞ്ഞയുടുപ്പിട്ട ആര്യക്കരികിൽ നിൽക്കാനായി മുന്നോട്ടാഞ്ഞതാണ്. പക്ഷെ വിരൽ അമർത്തുന്നതിനു തൊട്ടു മുൻപേ, പൊടുന്നനെ മുറുകിയ മുഖത്തോടെ അവർ ആര്യയെ നോക്കിപ്പറഞ്ഞു;

"ആര്യ എന്താണിവിടെ? പോയി സുജാന്‍റിയുടെയോ ചിത്രാന്‍റിയുടെയോ കൂടെ നിന്നോളൂ."

ആര്യ കൂട്ടത്തിൽ നിന്ന് നടന്നകലുന്നതറിഞ്ഞപ്പോൾ, എന്ത് കൊണ്ടോ, ചില അത്താഴ സമയങ്ങളിലേതു പോലെ , മനസ്സ് മുറിയുന്ന അരക്ഷിതാവസ്ഥയും സങ്കടവും നിമിത്തം , പെൺകുട്ടിയുടെ മുഖം ഫോട്ടോയിൽ കുനിഞ്ഞു പോയിരുന്നു..

"മിസ്റ്റർ സുമോദ് മേനോനെ കോൺട്രാക്ടർ എന്ന നിലയിൽ ഈ നാട്ടിൽ കുറെ പേർക്കറിയാം.. ഇന്നദ്ദേഹം കാണിക്കുന്ന ഈ വലിയ മനസ്സും എല്ലാവരും തീർച്ചയായും അറിയണം. സ്വന്തം മോളെപ്പോലെ ഈ മഠത്തിലെ മറ്റു കുട്ടികളെയും സ്നേഹിക്കുന്നത് കൊണ്ടാണ്, ഇങ്ങനെയൊരു സൽക്കർമം ചെയ്യാൻ മിസ്റ്റർ മേനോന് തോന്നിയത്."

ഓഫീസ് മുറിയിൽ പ്രസംഗം നടക്കുമ്പോൾ, വട്ടം കൂടി നിന്ന ആളുകൾക്കിടയിലൂടെ നടന്ന് ആര്യ വീണ്ടും ലേഖക്കരികിലെത്തി. അവളുടെ പ്രായത്തിൽ രണ്ടു മൂന്നു കുട്ടികൾ കൂടി ഒപ്പമുണ്ട്.

" ആര്യയുടെ നീല നെയിൽ പോളിഷ് ലേഖയുടെ ഡ്രെസ്സിനാണ് മാച്ച്" കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു.

" എന്നാൽ ലേഖ എന്റെ വിരല് മാറ്റിയെടുത്തോ ". ആര്യ അത് പറഞ്ഞു ചിരിച്ചപ്പോൾ, തല്ക്കാലം പോയി മറഞ്ഞിരുന്ന ഉത്സാഹം തിരിച്ചു വന്നു, പെൺകുട്ടി വീണ്ടും ഉന്മേഷവതിയായി.

" മാറ്റാം, ഇപ്പൊ മാറ്റാം, എന്‍റെ മാജിക് ചെയ്യാം."

ആര്യയുടെ വിരലുകൾ തന്‍റെ കൈക്കുള്ളിലാക്കി, പെൺകുട്ടി എന്തോ മന്ത്ര വരികൾ പറഞ്ഞു തുടങ്ങിയപ്പോളേക്കും , അലസമെന്ന മട്ടിലെങ്കിലും, പെൺകുട്ടിയെ ഇടയ്ക്കിടെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ആര്യയുടെ അച്ഛൻ അവർക്കരികിലെത്തി.

"കളിയൊക്കെ പിന്നെ. നമുക്ക് കുറച്ചു പേർക്ക് ഹാളിലേക്ക് ചെന്ന് ഭക്ഷണം എടുത്തു വെച്ചാലോ? എന്നിട്ട് എല്ലാവരെയും വിളിക്കാം."

ആര്യയുടെ കൈകൾ വിടർത്തി മാറ്റി അവളുമായി നടന്നു തുടങ്ങുമ്പോളാണ് അദ്ദേഹം അത് പറഞ്ഞത്. കാറിൽ കാണുന്നതിൽ നിന്ന് വ്യത്യസ്ഥമായി, ഇന്ന് അദ്ദേഹം അരികിൽ എത്തി നോക്കുമ്പോളെല്ലാം, താൻ ചെറുതായി പോവുന്നത് പോലെ തോന്നുന്നത് അദ്ദേഹത്തിന്‍റെ ഉയരക്കൂടുതൽ കൊണ്ടാണോയെന്നു കുട്ടി അത്ഭുതപ്പെട്ടു. അജ്ഞാതമായ ഏതോ ഒരു പാട കൊണ്ട് മനസ്സ് മൂടുന്നത് അവഗണിച്ചു കൊണ്ട് അവർക്കൊപ്പമെത്താനായി പെൺകുട്ടി വേഗത്തിൽ നടന്നു.

വര: ഉണ്ണികൃഷ്ണന്‍

ഹാളിൽ തുറന്നു വെച്ച പാത്രങ്ങളിലെ മണം ഒഴുകി നടക്കുന്നു. മനസ്സിന്‍റെ പാടകൾക്കുള്ളിലൂടെ അത് കിനിഞ്ഞിറങ്ങിയ സ്വാദേറിയ ഒരു നിമിഷം. അർത്ഥമറിയാത്ത വരികൾ പോലെ, മുൻപറിഞ്ഞിട്ടുള്ള പല ഗന്ധങ്ങൾക്കും ഇന്ന് രുചിയുടെ പൂർണത വരാൻ പോവുന്നു. ഭംഗിയുള്ള കടലാസ് പ്ളേറ്റുകൾ, ആ ഗന്ധങ്ങൾക്കിണങ്ങും വിധം സൂക്ഷ്മതയോടെ മേശപ്പുറത്തു നിരത്തി വെക്കുമ്പോളാണ്, ഞെട്ടിപ്പോകും വിധം സുമോദ് മേനോന്റെ ശബ്ദം മുഴങ്ങിയത് -

"എന്‍റെ മോബൈൽ എവിടെ ആര്യ?"

"ഞാൻ അച്ഛന് തന്നില്ലേ?"

"ഇല്ല, ഓഫീസ് മുറിയിൽ വെച്ച് നീ അതിൽ കളിക്കുന്നത് ഞാൻ കണ്ടിരുന്നു. ഇപ്പൊ അത് നിന്‍റടുത്തില്ലേ?"

"ഇല്ല, എന്‍റടുത്തില്ല"

ആര്യയുടെ ശബ്ദം വരണ്ടു പോവുന്നതും, ഹാളിലെ അന്തരീക്ഷം കനക്കുന്നതും ഒട്ടൊരു ഉൾഭയത്തോടെ കുട്ടി തിരിച്ചറിഞ്ഞു .

"അത് ഇവിടെ എവിടെങ്കിലും കാണും സുമോദ്, പരിഭ്രമിക്കല്ലേ , പിന്നെ എന്തായാലും ഇൻഷുറൻസ് ഒക്കെക്കാണുമല്ലോ "

കൂട്ടത്തിലെ ഏതോ ഒരു ആന്‍റിയാണത് പറഞ്ഞത്.

"അതല്ല സുജ , മൊബൈൽ പോവുന്നതോ അതിന്‍റെ വിലയോ ഒന്നുമല്ല പ്രോബ്ലം, യൂ നോ മീ, റൈറ്റ്? അതിൽ ഫാമിലി ഫോട്ടോസ് ഒക്കെ ഉള്ളതല്ലേ. ഐ മസ്റ്റ് ഫൈൻഡ് ഇറ്റ് ഔട്ട് "

അത് പറഞ്ഞു തീരുമ്പോൾ, ആര്യയുടെ അച്ഛന്‍റെ എരിയുന്ന നോട്ടം വന്നു നിന്നതു തന്‍റെ മുഖത്താണെന്നു വെറുതെ തോന്നിയതാണോ!? തിങ്ങി വന്ന ഭയം നിമിത്തം പെൺകുട്ടി ചുവരിനടുത്തെ തൂണിനു പിറകിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ, അവളുടെ കാലുകൾ ശക്തിയായി ബെഞ്ചിൽ ഇടിച്ചു .

" എന്താണാ ശബ്ദം? എന്തിനാണ് പരുങ്ങുന്നത് ?"

ഇത്തവണ സുമോദ് പെൺകുട്ടിയെ കർക്കശമായി നോക്കി അവളുടെ നേർക്ക് ചൂണ്ടി കൊണ്ട് തന്നെയാണ് ചോദിച്ചത്.

"അത് .. ഞാൻ .. എന്‍റെ കാല് .. "

മുറിയിലെ എല്ലാ കണ്ണുകളും ഉടക്കിയ, ശോഷിച്ചു വിളർത്ത രൂപത്തിൽ നിന്ന്, ശബ്ദം ശരിയായി പുറത്തു വന്നില്ല.

" ദീപ്തി, കുട്ടികളെ കൊണ്ട് എല്ലാവരും ഒന്നും പുറത്തു നിൽക്കൂ"

"എല്ലാവരും" എന്ന് പറഞ്ഞതിൽ, താൻ മാത്രം ഉൾപ്പെടില്ലെന്ന ഭീതിദമായ തിരിച്ചറിവിൽ തണുത്തു നിൽക്കുമ്പോൾ, മുറിയിൽ എല്ലാവരും പുറത്തേക്കു പോവുന്നതും, ആര്യ മാത്രം ഇടക്കൊരിക്കൽ തിരിഞ്ഞു നോക്കുന്നതും പെൺകുട്ടി അവ്യക്തമായി അറിഞ്ഞു. കുനിഞ്ഞു ചൂളി നിന്ന കുട്ടിക്ക്, സുമോദ് കനത്ത കാലടികളോടെ അടുത്ത് വന്നപ്പോളുണ്ടായ കാറ്റിന്‍റെ ശക്തിയിൽ, താൻ താഴേക്കു വീണു പോവുമെന്ന് തോന്നി.

" ഞാൻ കണ്ടിട്ട് കൂടിയില്ല…!" -

കണ്ണുനീരിനിടയിൽ മുന്നിലെ വലിയ മനുഷ്യനോട് അത് പറഞ്ഞൊപ്പിക്കാൻ ശ്രമിക്കുമ്പോൾ, കുട്ടിക്ക് മുന്നിൽ ലോകം നിലച്ചു പോയിരുന്നു. തുറന്നു വെച്ചിരിക്കുന്ന ഭക്ഷണത്തിന്റെ മണം പോലും വായുവിൽ ഒഴുകി വരുന്നില്ല.

" എന്നോടാണോ കളി ?" അയാൾ കഠിനമായി ചിരിച്ചു, “ദിവസോം തന്തയില്ലാത്ത എത്രയോ എണ്ണത്തിനെ കാണുന്ന എന്നോട്.."!

ആ വാക്കുകളുടെ അർഥം പെറുക്കിയെടുക്കാൻ ശ്രമിക്കുമ്പോളേക്കും, പെൺകുട്ടിയുടെ മനസ്സ് പക്ഷെ പെട്ടെന്നൊരു വിറയലും മരവിപ്പും കൊണ്ട് നിലച്ചു പോയി. അയാളുടെ കൈകൾ അവളുടെ ഉടുപ്പിനിടയിൽ ആഴ്ന്നിറങ്ങി പരതുകയാണ്!! ദൈന്യവും നിസ്സഹായവുമായി താൻ വാവിട്ടു കരയുകയാണെന്നാണ് ആദ്യം കരുതിയതെങ്കിലും, ശ്വാസം പോലും പുറത്തു വരുന്നില്ലെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞു.

" സുമോദ്, ദേ മൊബൈൽ.. മോളവിടെ മേശപ്പുറത്തു മറന്നിട്ടതായിരുന്നു.. "

വരാന്തയിൽ കാലടി ശബ്ദങ്ങൾ കേട്ടപ്പോൾ പെട്ടെന്ന് ഒരു നനഞ്ഞ കോഴിയെ എന്ന പോലെ പെൺകുട്ടിയെ തൂക്കി വശത്തേക്ക് മാറ്റിയിട്ടു, സുമോദ് നടന്നകന്നു. " വീട്ടിലെ ഫോട്ടോസ് ഉള്ളത് കൊണ്ടാ.. അല്ലെങ്കിൽ ഐ ഡോണ്ട് മൈൻഡ്.. പ്രൈവസി മാറ്റേഴ്സ് എ ലൊട്ട് ടു മി.. താങ്ക് യു കേട്ടോ "

അയാളുടെ കാലൊച്ചകൾ അകന്നു പോയി.

വെയിൽ ഉദിക്കുന്നതും , ഹാളിൽ വീണ്ടും ബഹളം വന്നു നിറഞ്ഞതും ഉടുപ്പ് കൂട്ടിപ്പിടിച്ചു തൂണിനു പിറകിൽ മറഞ്ഞു നിന്ന പെൺകുട്ടി മനസ്സിലാക്കിയില്ല.

" ലേഖക്ക് ചിക്കൻ കറി തരട്ടെ?"

തോളിൽ തട്ടി ആരോ പാത്രം നീട്ടി ചോദിച്ചപ്പോൾ അവൾ കണ്ണ് മിഴിച്ചു ചുറ്റും നോക്കി. എരിവും നീറലുമായി കണ്ണ് നിറയുന്ന മണങ്ങൾ… എല്ലാവരും കഴിച്ചു തുടങ്ങിയിരിക്കുന്നു. കയ്യിലെ കടലാസു പ്ളേറ്റ് തിരികെ വെച്ച് ഹാളിൽ നിന്നും മടങ്ങിപ്പോവുമ്പോൾ, ഇനിയൊരിക്കലും വിശപ്പ് അനുഭവപ്പെടാൻ ആവാത്ത വിധം താൻ വളർന്നു പോയതായി ലേഖക്ക് തോന്നി.

↑ top