≡ ഏപ്രില്‍ 2017
വര-രശ്മി ഹരി
അനുഭവക്കുറിപ്പ്

ലാറ്റ്‌വിയയിൽ നിന്നും സ്നേഹപൂർവ്വം

ക്ലിനിക്കിലേക്കു അവർ ധൃതിയിൽ നടന്നു വന്നപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. വാർഡ് റൗണ്ടിനെക്കാളും എനിക്കേറെ ഇഷ്ടമാണ് ക്ലിനിക് ഉള്ള ദിവസങ്ങൾ. പുതിയ പുതിയ ആളുകളെ കാണാം, പരിചയപ്പെടാം, കുശലാന്വേഷണം നടത്താം അങ്ങിനെയങ്ങിനെ..

ഞാനും കൂടെയുണ്ടായിരുന്ന നഴ്സും ഞങ്ങളുടെ പേരും ജോലിയും പറഞ്ഞു പരിചയപ്പെടുത്തി. അവർ അവരുടെ പേരും അവരെ വിളിയ്ക്കാൻ ഇഷ്ടപ്പെടുന്ന പേരും പറഞ്ഞു. “Angel - മാലാഖ!” പേരിലുള്ള പ്രത്യേകത കണ്ടപ്പോൾ അവരുടെ ജന്മദേശം അറിയണമെന്ന് തോന്നി. അവർ ലാറ്റ്‌വിയയിൽ ആണ് ജനിച്ചതെങ്കിലും, കഴിഞ്ഞ 68 വർഷമായി ഇംഗ്ലണ്ടിൽ ആണെന്ന് പറഞ്ഞു. ഞാൻ ഒന്ന് കൂടി എന്‍റെ മുന്നിലുള്ള അവരുടെ റെക്കോര്‍ഡിലേക്ക് നോക്കി. ജനനത്തീയതി നോക്കിയിട്ട് വയസ്സ് കണക്കുകൂട്ടുന്നത് എനിക്ക് പണ്ടേ വലിയ ബുദ്ധിമുട്ടാണ്. എന്നാലും ഇവരെ കണ്ടാൽ കൂടിയാൽ ഒരു എഴുപതു വയസ്സ്; അതിൽ കൂടില്ല എന്നോർത്തു. ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ കാര്യത്തിലേക്ക് കടന്നു.

അവരുടെ കാൻസറിനെക്കുറിച്ചും ഒരു ചികിത്സയും വേണ്ട എന്ന അവരുടെ തീരുമാനത്തെക്കുറിച്ചും പറഞ്ഞിട്ട് അവർ തുടർന്നു;

“എനിക്ക് 95 വയസ്സായി, ഞാൻ മരിയ്ക്കാൻ തയ്യാറാണ്. എന്ന് മാത്രമല്ല, എന്‍റെ ഭർത്താവു 2 വർഷം മുൻപ് മരിച്ചു. അതിനു ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ ‘ഇനി എഴുന്നേൽക്കരുതേ’ എന്ന് പ്രാർത്ഥിച്ചിട്ടാണ് ഞാൻ കിടക്കുന്നത്. എനിക്ക് എത്രയും പെട്ടെന്ന് എന്‍റെ ഭർത്താവിന്‍റെ അടുത്തെത്തണം.”

എന്ത് പറയണമെന്നറിയാതെ ഞാനിരുന്നു!!

പിന്നെ കാൻസർ ഉണ്ടാക്കുന്ന വേദനയെക്കുറിച്ചായി സംസാരം.

“വേദനയൊക്കെ ഉണ്ട്...പക്ഷെ അതൊക്കെ എനിക്ക് സഹിക്കാം. ഞാൻ കഴിയുന്നതും മരുന്നൊന്നും കഴിക്കാറില്ല “

‘എന്ത് കൊണ്ടാണ് മരുന്ന് കഴിക്കാത്തത്’എന്ന് നിർബന്ധിച്ചു ചോദിച്ചപ്പോൾ,

“കുറെ വേദന അനുഭവിക്കുമ്പോൾ പെട്ടെന്ന് മരണം സംഭവിക്കുമല്ലോ, അങ്ങിനെ എനിക്ക് എത്രയും പെട്ടെന്ന് എന്‍റെ ഭർത്താവിന്‍റെ അടുത്ത് എത്താമല്ലോ “ എന്നായിരുന്നു ഉത്തരം. കാര്യങ്ങൾ അങ്ങിനെ ആവണമെന്നില്ല എന്നും, വേദനക്കുള്ള മരുന്നു കഴിക്കുന്നത് കൊണ്ട് ജീവന്‍റെ കാലാവധി കൂടില്ല എന്നുമൊക്കെ ഞാൻ പറഞ്ഞപ്പോൾ അവർ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഒരു മരുന്നും കഴിക്കാതിരുന്നാൽ പെട്ടെന്ന് മരിക്കാമെന്നു ഞാൻ സത്യമായിട്ടും വിശ്വസിച്ചിരുന്നു! ഇനി മരുന്ന് സമയത്തിന് കഴിയ്ക്കാം”..

അവരുടെ ഭർത്താവിനോട് അവർക്കുള്ള കലർപ്പില്ലാത്ത, അങ്ങേയറ്റം ഹൃദായഹാരിയായ സ്നേഹം കണ്ടപ്പോൾ അവരെക്കുറിച്ച് കുറെക്കൂടി അറിയണമെന്നെനിക്കു തോന്നി.

ലാറ്റ്‌വിയയിൽ ആയിരുന്നു അവരുടെ ജനനം. എട്ടാമത്തെ വയസ്സിൽ അവരുടെ അമ്മ രോഗം ബാധിച്ച് കിടപ്പിലായി. അവരാണ് അമ്മയെയും താഴെയുള്ള അനിയനെയും നോക്കിയത്. അച്ഛൻ കാലത്തു വളരെ നേരത്തെ ജോലിക്ക് പോകും. വളരെ വൈകിയേ തിരിച്ചെത്തൂ. മൂന്ന് വർഷം അസുഖത്തോട് മല്ലടിച്ച് അമ്മ മരിച്ചു. അച്ഛൻ വേറെ വിവാഹം കഴിച്ചു. ഇവർ ഫാക്ടറികളിലും കൃഷിയിടങ്ങളിലും ജോലി നോക്കി. അങ്ങിനെയിരിക്കെ രണ്ടാം ലോക മഹായുദ്ധം വന്നു. അവർക്ക് എല്ലാം ഇട്ടെറിഞ്ഞു ജർമ്മനിയിലേക്കു പലായനം ചെയ്യേണ്ടി വന്നു. കൂട്ടും കുടുംബവും ഒന്നുമില്ലാതെ. പിന്നെ അവിടെ അഭയാർത്ഥി ക്യാമ്പിൽ കുറെ വർഷങ്ങൾ. അവിടെ വെച്ചാണ് ഭർത്താവിനെ കണ്ടു മുട്ടിയത്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ ഇംഗ്ലണ്ടിലേക്ക് ജോലിക്കായി ആളുകളെ കൊണ്ട് വരുന്ന കൂട്ടത്തിൽ അവരും കൂടി. ഇംഗ്ലണ്ടിൽ പല ഫാക്ടറികളിലും ജോലി ചെയ്തു. ഇതിനിടെ കല്യാണം കഴിച്ചു. കുട്ടികളില്ല….അല്ല, ഉണ്ടായില്ല എന്ന് വേണം പറയാൻ!. ഭർത്താവു മരിച്ച ശേഷം അവർ തികച്ചും ഏകയാണ്. വന്നതും ഒറ്റയ്ക്കാണ്. അതും രണ്ടു ബസ് മാറിക്കയറി!

ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ, പ്രായമായവരോട് ഞാൻ ചോദിക്കാറുള്ള ചോദ്യം അവരോടും ചോദിക്കാതിരിക്കാൻ എനിക്കായില്ല.

“നിങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? നിങ്ങള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടായിരുന്നോ?“

അവരുടെ ഉത്തരം ദൃഢമായിരുന്നു.

“ഇല്ല, എന്‍റെ ജീവിതം കഷ്ടതകൾ മാത്രം നിറഞ്ഞതായിരുന്നു. ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിച്ചു. എന്നിട്ടും, ഇപ്പോഴും ഞാനിവിടെ ഇങ്ങിനെ….”

അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.ശബ്ദം ഇടറാതിരിക്കാൻ അവർ പാടുപെട്ടു. അവരുടെ ഉത്തരം എന്നെ ചെറുതായൊന്നമ്പരപ്പിച്ചു. സാധാരണ ഞാനീ ചോദ്യം ചോദിക്കുമ്പോൾ വളരെ പോസിറ്റീവ് ആയ മറുപടിയാണ് എനിക്ക് ലഭിയ്ക്കാറ്..

വര: രശ്മി ഹരി

അത്, അവർക്കെല്ലാം എല്ലാ കാലവും സന്തോഷങ്ങൾ മാത്രം നിറഞ്ഞ ജീവിതമായിരുന്നത് കൊണ്ടാണെന്നു എനിക്കു തോന്നിയിട്ടില്ല. ഇംഗ്ലണ്ടിലെ 80 നു മുകളിലുള്ളവരെല്ലാം രണ്ടാം ലോക മഹായുദ്ധത്തിന്റെയും അത് കഴിഞ്ഞു വന്ന കഷ്ടതകളുടെയും ആകെത്തുകയാണ്. എന്നാൽ മിക്ക പേരും അവരുടെ ജീവിതം കഠിനാധ്വാനത്തിലൂടെ തിരിച്ചു പിടിച്ചു. അന്ന് അനുഭവിച്ച കഷ്ടതകൾ അവർക്കു ഓർക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടോ, അല്ലെങ്കിൽ അത് കഴിഞ്ഞു വന്ന നല്ല കാലം ആ പരുത്ത ഓർമ്മകളെ മറച്ചു പിടിക്കുന്നതുകൊണ്ടോ ആയിരിക്കാം.. “അതെ ഞങ്ങൾ നന്നായി ജീവിച്ചു, ജീവിതം ആസ്വദിച്ചു..” എന്ന ഉത്തരമാണ് എനിക്കധികവും ലഭിക്കാറ്. അതുകൊണ്ടുതന്നെ, ഇവരുടെ ഉത്തരം കേട്ടപ്പോൾ ഞാൻ വല്ലാതെ ആയി.

കൺസൽറ്റേഷൻ എപ്പോഴും ഒരു പോസിറ്റീവ് നോട്ടിൽ അവസാനിപ്പിയ്ക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷെ, ഇവിടെ അതെങ്ങിനെ സാധിക്കും എന്ന ചിന്ത എന്‍റെ മനസ്സിനെ തെല്ലൊന്നലട്ടി.

പതിവ് പോലെ, നിങ്ങൾക്ക് എന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ എന്ന് അവരോടു ചോദിച്ചു.

“ഞാൻ ഇനി എത്ര കാലം കൂടി ഇങ്ങിനെ ജീവിക്കും?"

അത് മാത്രമേ അവർക്കറിയേണ്ടിയിരുന്നുള്ളൂ!. ‘സമയം അങ്ങിനെ കൃത്യമായി പറയാൻ സാധിക്കില്ല, ഓരോ ദിവസവും ആസ്വദിക്കൂ, ഇത് നിങ്ങൾക്കു മാത്രമല്ല നമുക്കെല്ലാവർക്കും ബാധകമാണ്’ എന്നൊക്കെ പറയുമ്പോൾ സാധാരണയായി ആളുകളിൽ ഒരു പ്രത്യാശയുടെ തിളക്കം കാണാറുണ്ട്. എന്നാൽ ഇവരുടെ മുഖത്ത് നിരാശയായിരുന്നു തെളിഞ്ഞു നിന്നത്.

“കുറച്ചു ദിവസം കൂടി മാത്രം എന്ന് ഡോക്ടർ പറയുമെന്ന് ഞാൻ വിചാരിച്ചു!!” എന്ന് പറഞ്ഞു സങ്കടം നിറഞ്ഞ പുഞ്ചിരിയോടെ അവർ എഴുന്നേറ്റു.

ധൃതിയിൽ പുറത്തേക്കു നടക്കുന്ന അവരെ ഒരു രീതിയിലും ആശ്വസിപ്പിക്കാനായില്ലല്ലോ എന്ന് ഞാനോർത്തു. അവരുടെ ഓരോ ചലനത്തിലും ഒരു വ്യഗ്രത ഞാൻ കണ്ടു. വാരിപ്പുണരാൻ ശ്രമിക്കുന്തോറും ഒഴിഞ്ഞു മാറുന്ന മരണത്തെ കയ്യെത്തിപ്പിടിയ്ക്കാനുള്ള വ്യഗ്രത.

↑ top