≡ ഏപ്രില്‍ 2017
ഓർമ്മക്കുറിപ്പ്

"ചക്കക്കുപ്പുണ്ടോ?"

എന്തൊരു ചൂട്, മുറ്റത്തെ മാവിന്‍റെ ഒരില പോലും അനങ്ങുന്നില്ല. പുൽപ്പായയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു, നല്ല ഉഷ്ണം... പച്ചപ്പെറ്റിക്കോട്ടാണ് വേഷം . ആകെ വിയർത്തു കുളിച്ചു, ഉരുണ്ടു മറിഞ്ഞു, പിന്നെ തറയിലെ തണുപ്പ് പറ്റി കിടന്നു. ഉച്ചയുറക്കം എപ്പോഴും ഉമ്മറത്താണ് പതിവ്. നട്ടപ്ര വെയിലത്ത് (അതും വലിയ സ്കൂളവധിക്ക് ) പറമ്പിൽ ഓടിക്കളിക്കാൻ അനുവാദമില്ല . എന്‍റെ ഒരേയൊരു സഹോദരൻ (പെരുങ്കള്ളൻ) വീട്ടിലുള്ളവരുടെ കണ്ണ് വെട്ടിച്ച് ഏതോ മരത്തിന്‍റെ മണ്ടയിൽ കയറിക്കാണണം. അണ്ണാന്‍റെ ജന്മം! അടങ്ങിയിരിക്കാൻ കഴിയണ്ടേ?!

അടുക്കളയിൽ നിന്ന് നല്ല വിഷുക്കട്ടയുടെ മണം, ചൂടോടെ വിഷുക്കട്ട ഇലയിൽ പരത്തുമ്പോഴുള്ള ആ മണം, നാസാരന്ധ്രങ്ങളിലേക്കു ഇരച്ചു കയറുന്ന വെന്ത തേങ്ങയുടെ, വാടിയ ഇലയുടെ, ഉണക്കലരിയുടെ ഗന്ധം . പിറന്നാൾകുട്ടിക്ക് എന്താ ഇങ്ങനൊരു പൂതീന്ന് അമ്മമ്മക്കൊരു സംശയം. കാരണം വിഷൂന്‍റെ അന്ന് രാവിലെ നാണിയമ്മൂമ്മേടെ വീട്ടീന്ന് ഒരു ‘പകർച്ച’ വരലുണ്ട്‌, അപ്പോ കഴിക്കാലോ!. ഇപ്പോ നല്ല പരിപ്പ് പായസം വെയ്ക്കാന്ന്!

"..നിക്കൊന്നും വേണ്ട പായസം.. വിഷുക്കട്ട തന്നെ മതി, അത് ചൂടോടെ കഴിക്കണം! നാണിയമ്മേടെ വിഷുക്കട്ടക്ക് ഇത്ര ചൂട് കാണില്ല്യാ ".

ഇത് കേട്ടതും അമ്മമ്മ "നീയൊന്നു പതുക്കെ പറ അമ്മിണീ" ന്ന്.

"എന്താ ഉള്ള കാര്യം ഉറക്കെ പറഞ്ഞാൽ ? അല്ലെങ്കിൽത്തന്നെ അവർക്കു ഭയങ്കര കേൾവിശക്തിയാ , പറയാത്തത് വരെ കേൾക്കും എന്നിട്ടാ".

സർക്കീട്ടടിക്കാൻ പോയവൻ പതുക്കെ വരട്ടെ, അവൻ വരുന്നതിനു മുൻപ് ചൂടോടെ കലാപരിപാടികൾ തുടങ്ങാം എന്ന് കരുതി അടുക്കളയിലേക്കു കയറിയതും, ഹോ കണ്ട കാഴ്‌ച! എന്‍റെ ഒരേയൊരു ഉടപ്പിറന്നോനു വിളമ്പികൊടുക്കുന്നു, ചൂടോടെ, അമ്മമ്മ മുൻപന്തിയിൽ . തൊട്ടു പുറകിൽ അപ്പൂപ്പൻ. അവനാണെങ്കിൽ കണ്ണ് കണ്ടു കൂടാ , ചെവി കേട്ടുകൂടാ എന്ന അവസ്ഥ. മൂക്ക് മുട്ടെ ഇരുന്നു അടിച്ചു മിന്നിക്കുന്നു. ഇവനിതെപ്പോ പൊങ്ങി? എന്നെ കണ്ടതും അമ്മമ്മ,

" ഓ! അമ്മിണി എഴുന്നേറ്റോ? മുഖം കഴുകി വന്നോളൂ". വിശപ്പു കെട്ടു പോയ പോലെ . എന്നാലും എന്തൊരു ന്യായീകരണം! പാവം അവനുച്ചക്കു കഴിക്കാത്തത് കാരണം അവനെ ഊട്ടുന്നു. പിറന്നാൾക്കുട്ടി അമ്മിണി വേണമെങ്കിൽ കൈ കഴുകി വരൂ വേണമെങ്കിൽ കഴിക്കാം. എന്തൊരു വിവേചനം! ആവി പറക്കുന്ന വിഷുക്കട്ട വായിൽ വെച്ചില്ല അതാ സൈക്കിളിന്‍റെ ബെൽ!, പോസ്റ്റ്മാമൻ പിറന്നാൾക്കുട്ടിക്ക് ആശംസയും കൊണ്ട് വന്നതാകും, അങ്ങ് ബോംബെന്ന് മൂത്ത ചെറിയമ്മേടെ, ചാടിയെഴുന്നേറ്റു നോക്കുമ്പോൾ, ആകെ കൂരാകൂരിരുട്ട്!

അതെ!ഉച്ചയുറക്കം അൽപ്പം നീണ്ടു പോയിരിക്കണു. രാത്രിജോലി ചെയ്തു ശീലിച്ചതു കൊണ്ട് ശരീരത്തിന് ആകെ മൊത്തം കൺഫ്യൂഷ്യനാ. എന്നാലും എന്തേ ഇങ്ങനെയൊക്കെ തോന്നാൻ!? വിഷുവടുത്തു, പിറന്നാളും, അതൊക്കെ അറിയാം. എന്നാലും എന്‍റെ വിഷുക്കട്ടേ നീയെന്നെ തോൽപ്പിച്ചുകളഞ്ഞു! ഒന്ന് വായിൽ വെച്ച് നുണയാൻ പോലും സമ്മതിക്കാതെ, കഷ്ടം ! ഇനിയിപ്പോ എന്താ ചെയ്കാ ?

ഇന്നലെ രാവിലെ ആ കണിക്കൊന്ന കുലച്ചു കണ്ടപ്പോൾ എന്ത് മാത്രം സന്തോഷിച്ചു. ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനായി പുര (ഓഫീസ്) നിറഞ്ഞു പുറത്തേക്കുന്തി നിൽക്കുന്ന ആ നീണ്ട വരിയുടെ അറ്റത്തു അന്തം വിട്ടു നിൽക്കുമ്പോൾ കണ്ട മനം കുളിർപ്പിക്കുന്ന കാഴ്ച ! കണിക്കൊന്ന മാഹാത്മ്യം അറിയാത്ത ഏതോ ഒരുത്തന്‍റെ വീടിന്‍റെ മുൻപിൽ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്ന മരം. എന്‍റെ സായിപ്പേ ഇങ്ങക്കിതിന്റെ വല്ല ആവശ്യോം ഉണ്ടായിരുന്നോ? വെറുതേ ഈയുള്ളവളേക്കൊണ്ടു സ്വപ്നവും കാണിപ്പിച്ചു. ഇനി തൊണ്ണൂറ്റി രണ്ടു വയസ്സായ അമ്മമ്മ ഇങ്ങട്ടു വന്ന് എനിക്ക് വിഷുക്കട്ട ഒണ്ടാക്കി തരുവോ? ഇല്ലല്ലോ? അപ്പോ അമ്മിണി തന്നെ മനസ്സ് വെക്കണം. ഇനി ഈ വിഷുക്കട്ട എന്താണെന്നു അറിയാത്തവരോട്. ഞങ്ങൾ തൃശ്ശൂർക്കാർക്ക് ശാരദക്കുട്ടി ടീച്ചറു പറഞ്ഞ പോലെ, എല്ലാ കാര്യത്തിനും പ്രത്യേകതയാ.. വിഷൂനു ഞങ്ങളിതു ഉണ്ടാക്കും, മൂക്കുമുട്ടെ ഭക്ഷിക്കും. അങ്ങനെ ആശയടക്കാൻ വയ്യാത്ത അമ്മിണിയെന്ന പകുതി വികലാംഗനയായ (എന്ന് ഡോക്റ്റർമാർ)

ഈയുള്ളവൾ വലിഞ്ഞിഴഞ്ഞു അടുക്കളയിലേക്ക്!. ഭാഗ്യം, ഇവിടെ (അമേരിക്കയിൽ ) ജീവിക്കുന്നത് കൊണ്ട് ചിരകിയ തേങ്ങ റെഡി , അരി എപ്പഴേ റെഡി. ഇനി കുക്കിയാൽ മതി. ഫ്രോസൺ സാധനങ്ങൾ ഉൽപ്പാദിക്കുന്ന കമ്പനികൾ നീണാൾ വാഴട്ടെ! വീട്ടിലെ കുട്ടികൾ ഇതിനു വേണ്ടി ആക്രാന്തം കാണിക്കുമെന്ന തോന്നലില്ലാത്തതു കൊണ്ട് പേരിനു മാത്രം പാചകം. അത് മതി, ഇനി എന്‍റെ മലയാളം റേഡിയോ സ്റ്റേഷൻ, ട്യൂൺ ഇൻ..അതിന്‍റെ കുറവ് വേണ്ട. ഇടി-പിടീന്ന് അര മണിക്കൂറിനുള്ളിൽ സാധനം റെഡി. മെക്സിക്കൻ കടയിൽ നിന്നും വാങ്ങിയ വാഴയിലയിൽ പരത്തി മിനുക്കി രണ്ടു മൂന്നു സെൽഫി, കിടക്കട്ടെ മുഖപുസ്തകത്തിൽ; എല്ലാ ലവളുമാരും ഒന്ന് കാണട്ടെ! ഈയിടെയായി അമ്മിണിയുടെ സെൽപ്പി ഭ്രമത്തിന്, ആത്മവിശ്വാസമില്ലാത്ത സില്ലി പെണ്ണുങ്ങളുടെ മനോരോഗമാണെന്നുള്ള സർട്ടിഫിക്കറ്റും കിട്ടീട്ടുണ്ട് എന്റെ സ്വന്തം മക്കളുടെ കയ്യീന്ന്. ഞാനൊരു “താങ്ക് യൂ” പറഞ്ഞു , അല്ല പിന്നെ!

ഇനി വെച്ച് നീട്ടാതെ മംഗളകർമ്മത്തിലേക്കു കടക്കാം എന്ന് കരുതി കണവനെ നോക്കുമ്പോൾ അങ്ങേരതാ ഓട്ട്സ് കുറുക്കി കഴിക്കുന്നു . ഈശ്വരാ! ഞാനെന്റെ രണ്ടു കണ്ണും കൂട്ടി തിരുമ്മി ഒരു വാട്ടി കൂടി പാത്തിട്ടേൻ. നിജമാ, അങ്ങേരു തന്നെ . ങും! ഈയിടെയായി , ജിമ്മിൽ പോകുന്നു , ഓടുന്നു, ചാടുന്നു. എന്‍റെ ദൈവമേ ഇവിടെയുള്ള സകലർക്കും വട്ടായോ? ഇനിയിത് ഒറ്റയ്ക്ക് സാപ്പിടേണ്ടി വരുമെന്നു സങ്കടമോ, മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ മൂളിപ്പാട്ടും പാടി അമ്മിണി പാത്രമെടുക്കുമ്പോൾ തൊട്ടു മുൻപിൽ മറ്റൊരാൾ ഹാജർ! അമ്മയെന്നെ വിളിച്ചോ എന്ന പോലത്തെ ലുക്ക്! സാക്ഷാൽ എന്റെ ഇളയ സന്താനം ഇന്ത്യൻ (ജർമ്മൻ) ഷെപ്പേർഡ് പട്ടിക്കുട്ടി. വെറുതെ കിട്ടുന്നതെല്ലാം ആന്ത്രത്തിനു നല്ലതെന്നു പൂർണമായും വിശ്വസിക്കുന്ന കൂട്ടത്തിലാ കക്ഷി. ഞാനും അവളും കൂടി നമ്മുടെ കാര്യപരിപാടിയിലേക്കു കടക്കുമ്പോൾ, ഒരു വിഷുപ്പാട്ട് കേൾക്കണമെന്ന് പൂതി, അതാ വരുന്നു "ചക്കക്കുപ്പുണ്ടോ" ഞാൻ ഉപ്പു നോക്കിയില്ല, അതിനു മുൻപ് ഇവിടെ ഓരോരുത്തർ ഫിനിഷിങ് പോയിന്റ് കടന്നു. പ്രിയപ്പെട്ട പട്ടിക്കുട്ടി ഇത് ഡോഗ് ഫുഡ് അല്ല എന്ന് പറഞ്ഞു അവളെ ഓടിപ്പിച്ചു. ഇന്നത്തെ പൂതി മാറി. ഇനി അമ്മിണി പുതപ്പിനുള്ളിലേക്കു നൂഴ്ന്നിറങ്ങുകയാണ്. ഇരുട്ട് മെല്ലെ മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്നു, പക്ഷേ എല്ലാം കാണാം, എല്ലാരേയും. ചുറുചുറുക്കുള്ള അമ്മമ്മ, അനിയൻ, കൂട്ടുകാർ, പെറ്റിക്കോട്ടിട്ട അമ്മിണി, പിറന്നാൾക്കുട്ടി. എല്ലാവരും അമ്മമ്മയുടെ പരിപ്പ് പായസം നുണഞ്ഞിറക്കുന്നു!

↑ top