≡ ഏപ്രില്‍ 2017
കവിത

ആപ്പീസ്

അങ്ങേ മൂലയിലും
ഇങ്ങേ മൂലയിലും
ഓരോരുത്തരുണ്ട്

ക്ലോക്ക് അമേരിക്കൻ
പ്രസിഡണ്ട് വെടിയേറ്റുവീണ
സമയംകാണിച്ചുകൊണ്ട്
മൂകമായനങ്ങുന്നുണ്ട്.

'ഡെസ്പാച്ച്' രെജിസ്റ്ററിലെ താളുകൾ
പങ്കയുടെ കറക്കത്തിനനുസരിച്ച്
നൃത്തംവെയ്ക്കുന്നുണ്ട് മേശമേൽ.

ഓടിരക്ഷപ്പെടാതിരിക്കാൻ
ചുവന്നഫയലിൽ
വെള്ളച്ചരടിനാൽ കെട്ടിയിട്ടയാത്മാക്കാൾ
കുരുങ്ങിക്കിടപ്പുണ്ട്,
പൊടിയുടെ വീർപ്പുമുട്ടലിൽ
നിന്നോടാൻ കൂടിയാകാതെ.
ചത്തുപോയാത്മാക്കളുമുണ്ട്
ഫയൽക്കെട്ടിനടിയിലായ്
ചത്തൊടുങ്ങാനായവയുടെ
ഞരക്കങ്ങളുമുണ്ട്
നേർത്തുനേർത്തു വരുന്നു.

വര: പ്രവീൺ കാരോത്ത്


മൂലയിലിരിക്കുന്ന
പെണ്ണൊരുത്തി
ലോകക്കാഴ്ചയിലേക്ക്
മേശപ്പുറത്തെ
ദീർഘ ചതുരത്തിലൂടെ
പ്രവേശിച്ചു കഴിഞ്ഞു
ഇപ്പോൾ കാണുന്നത്
വെറും പ്രതിമ മാത്രമാണ്
അനക്കമുള്ള പ്രതിമ

ഒരാൾ കൈയിലെ തള്ളവിരൽ
കൊണ്ടൊരു മായികലോകം
കൈവെള്ളയിലൊതുക്കുന്നുണ്ട്
ഒരിടതടവുമില്ലാതെ
മാറാലകൾക്കിടയിലിരുന്ന്
പങ്കകളനുസ്യൂതം
നട്ടംതിരിയുന്നുണ്ടെന്തിനോ!

ഞാനുമയാളും
കാത്തിരിപ്പാണിപ്പോഴും
ആ വയോധികനും,
ഇനിയുമെത്താത്ത
ആ ഒരാൾക്കായ്
ഏറെക്കനവുമായ്.

വരും വരാതിരിക്കില്ല
തീവണ്ടി താമസിച്ചതായിരിക്കും
അതോ, ബസ്സൊന്ന്
നേരത്തേ പോയോ?

ഇടയ്ക്കൊരു 'ലൈറ്റ്'
മിന്നിമിന്നിത്തെളിയാൻ നോക്കിയിട്ട്
എന്നോടെന്തോ പറയാനൊരുങ്ങുന്നുണ്ട്.
വഴുതിവീണ കിനാക്കളുടെ
കണ്ണീർക്കഥകളാകാം

↑ top