≡ ഏപ്രില്‍ 2017
ഈസ്റ്റര്‍ പാചകം

ഇന്രി (INRI) അപ്പവും പെസഹാ പാലും

ഇന്രി അപ്പത്തിനു ആവശ്യമുള്ള സാധനങ്ങൾ :

 • അരിപ്പൊടി : ഒരു കപ്പ്
 • ഉഴുന്ന് : കാൽ കപ്പ്
 • തേങ്ങാപ്പീര : ഒരു കപ്പും ഒരു പിടിയും
 • ചെറിയ ഉള്ളി : അഞ്ചോ ആറോ
 • വെളുത്തുള്ളി : ഒരെണ്ണം
 • ജീരകം : ഒരു ടീസ്പൂൺ
 • ഉപ്പ്
 • വെള്ളം

ഉഴുന്നുപരിപ്പ് നന്നായി കഴുകിയെടുത്ത് മൂന്നോ നാലോ മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്തുവെച്ച ശേഷം കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ചിരകി വെച്ചിരിക്കുന്ന തേങ്ങയും, വെളുത്തുള്ളിയും, ജീരകവും, ചെറിയ ഉള്ളിയും അരക്കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത ശേഷം ഉഴുന്നരച്ചതും ചേർത്ത് നന്നായി യോജിപ്പിച്ചു മാറ്റി വെക്കുക.

അരിപ്പൊടിയിലേക്കു തിളച്ച വെള്ളം അൽപ്പാൽപ്പമായി ഒഴിച്ച് കൊടുത്തു കൊണ്ട് ഒരു സ്പൂൺ കൊണ്ട് യോജിപ്പിക്കുക. ശേഷം കൈകൊണ്ടു ഇടിയപ്പത്തിന് മാവ് കുഴക്കും പോലെ നല്ല മൃദുവായി കുഴച്ചെടുക്കുക. തിളച്ച വെള്ളം ഒഴിച്ചിട്ടുള്ളതിനാൽ ഈ അവസരത്തിൽ കൈ പൊള്ളാതെ ശ്രദ്ധിക്കുക.

ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന തേങ്ങാ-ഉഴുന്ന് മിശ്രിതവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഇഡലി മാവിന്റെ പരുവത്തിൽ ഒന്നുകൂടെ അരച്ചെടുക്കുക. നന്നായി വെളിച്ചെണ്ണ പുരട്ടിയ ഒരു തട്ടിലേക്ക് ഈ മാവൊഴിച്ചു ഇഡലിപ്പാത്രത്തിലോ സ്റ്റീമറിലോ വെച്ച് ഇരുപതു മുതൽ ഇരുപത്തി അഞ്ചു മിനിറ്റ് നേരം ആവിയിൽ പുഴുങ്ങിയെടുക്കുക.

പെസഹാപാൽ / പാല് കുറുക്കിന് വേണ്ട ചേരുവകൾ :

 • ശർക്കര : 250 ഗ്രാം
 • തേങ്ങാപ്പാൽ [ഒന്നാം പാൽ ] : അരകപ്പ്
 • തേങ്ങാപ്പാൽ [രണ്ടാം പാൽ ] : ഒരു കപ്പ്
 • ഏലക്കാപ്പൊടി : ഒരു ടീസ്പൂൺ
 • ചുക്ക് പൊടി : ഒരു നുള്ള്
 • അരിപ്പൊടി : ഒരു ടേബിൾ സ്പൂൺ [ഓപ്‌ഷണൽ]

ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുത്തു ഒരു സോസ് പാനിൽ ഒഴിക്കുക . ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ചേർത്ത് വറ്റി വരുമ്പോൾ ഏലക്കാപൊടിയും ചുക്കുപൊടിയും രണ്ടാം പാല് ചേർത്ത് ചെറിയ തീയിൽ നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് ചുടുവെള്ളത്തിൽ കലക്കിയ അരിപ്പൊടി രണ്ടോ മൂന്നോ സ്പൂൺ ഒഴിച്ച് ആവശ്യത്തിന് കുറുക്കം കിട്ടും വരെ കുറുക്കി എടുക്കുക. പെസഹപ്പാൽ തയ്യാർ. ചേരുവകളിൽ പ്രാദേശികമായി ചെറിയ ചില മാറ്റങ്ങൾ ഒക്കെ കണ്ടേക്കാം. പെസഹാപ്പാലിൽ തേങ്ങാക്കൊത്തോ, എള്ളോ ഒക്കെ വേണമെങ്കിലും ചേർക്കാവുന്നതാണ്.

↑ top