≡ ഏപ്രില്‍ 2017
ലേഖനം

പഠനപ്പാൽപ്പായസം

കുട്ടികള്‍ക്ക്‌ നല്ല വിദ്യാഭ്യാസം കൊടുക്കുവാന്‍ തയ്യാറുള്ളതും അതിനു സദാ സന്നദ്ധമായതും, “അവനെ അല്ലെങ്കില്‍ അവളെ പഠിപ്പിച്ച് ” നല്ല നിലയിൽ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് അടിക്കടി പറയുന്നതുമായ മാതാപിതാക്കള്‍ സ്ഥിരം കാഴ്ചയാണല്ലോ! സ്ഥിരമായി ഈ വാചകങ്ങള്‍ കേള്‍ക്കുമ്പോള്‍ പുതു തലമുറക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും സാധാരണ ഒരു പള്ളിക്കൂടത്തില്‍ സര്‍വ്വ സാധാരണമായി പഠിച്ചു വളർന്ന് ഈ പറഞ്ഞ “നല്ല നിലക്കായ” പഴയ തലമുറ നല്ല അസ്സലായി പുച്ഛിക്കും.. എങ്കില്‍ അങ്ങനെ പുച്ഛിക്കാനോക്കെ വരട്ടെ, ഈ പറഞ്ഞ നല്ല നിലയില്‍ കുട്ടികളെ എത്തിക്കാന്‍ ഇന്ന് എന്തൊക്കെ കഷ്ടപ്പാട് സഹിക്കണമെന്നോ?!

ഈയിടക്കാണ് പരിചയത്തിലുള്ള ഒരാള്‍ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ പോയത്‌. ഓഗസ്റ്റ്‌ ആയതല്ലേ ഉള്ളൂ അടുത്ത വര്‍ഷം ജൂണ്‍ വരെ സമയം ഇല്ലേ എന്ന് അറിയാത്തവര്‍ അതിശയപ്പെട്ടെക്കാം. കാലമൊക്കെ ഒരുപാട് മാറിയിരിക്കുന്നു.ആദ്യമാദ്യം അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിനു രണ്ടു മാസം മുന്‍പേ ചേര്‍ന്നാല്‍ മതിയായിരുന്നു.പോകെപ്പോകെ തലേ വര്‍ഷത്തിന്‍റെ അവസാനം ആയി. ഇപ്പോള്‍ ഇതാ എത്ര മുന്‍പേ പറഞ്ഞുറപ്പിച്ച പൈസയും കൊടുത്തു,വിലപേശി കുട്ടിയെ “നല്ല” സ്കൂളുകളില്‍ ചേര്‍ത്തു സ്വസ്ഥമായാലെ മാതാപിതാക്കള്‍ക്ക്‌ സമാധാനമായി ചന്തി ഉറപ്പിക്കാന്‍ കഴിയൂ.

സ്കൂളില്‍ ചേര്‍ക്കല്‍ ചെറിയ ഒരു കാര്യമാണെന്ന് കരുതരുതേ.കുട്ടിയെ LKG യിലെ സീറ്റില്‍ ഇരുത്താന്‍ ലക്ഷങ്ങളാണ് ചോദിക്കുന്നത് സ്കൂള്‍ മാനേജ്മെന്‍റ്.ഏറ്റവും പുതിയതായി ലഭിച്ച വിവരം അനുസരിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരം ആണ് കേരളത്തിലെ ആസന്ന മെട്രോ നഗരത്തിലെ പ്രശസ്ത സ്കൂളുകാര്‍ ആവശ്യപ്പെടുന്നത്. പിന്നെ വിലപേശി പത്തോ ഇരുപതോ കുറയ്ക്കാം. പൈസ മാത്രം കൊടുത്താല്‍ സീറ്റ്‌ ഉറപ്പായെന്നു കരുതുകയും വേണ്ട.ശുപാര്‍ശ അനുസരിച്ച് ചിലപ്പോള്‍ കിട്ടാം, കിട്ടാതിരിക്കാം. ഓരോ സ്കൂളും, ഓരോ ജില്ലയും അനുസരിച്ച് വ്യത്യാസവും ഉണ്ട്. എങ്കിലും അറുപതിനായിരം മുതല്‍ മുകളിലോട്ടു മുടക്കിയാലെ സീറ്റ്‌ ഉറപ്പിക്കാന്‍ കഴിയൂ എന്നുള്ളത് കൊണ്ട് ഓരോ രക്ഷിതാക്കളും അതുറപ്പിക്കുവാനുള്ള തത്രപ്പാടില്‍ തന്നെയാകും ഓടി നടക്കുക.

അത് മാത്രമോ, രക്ഷിതക്കള്‍ക്കുള്ള ‘പ്രത്യേകകൂടിക്കാഴ്ച’ എന്ന കടമ്പയും ചാടി കടക്കണം. വീട്ടില്‍ വന്നാല്‍ കുട്ടിക്ക്‌ പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുത്തു മനസിലാക്കാനുള്ള കഴിവ് രക്ഷിതാക്കള്‍ക്കുണ്ടോ? സമൂഹത്തില്‍ നിലയും വിലയും ഉള്ളവരാണോ അവര്‍? എന്നെല്ലാം പതിനഞ്ചു മിനിറ്റ്‌ നീണ്ടു നില്‍ക്കുന്ന കൂടികാഴ്ചയിലൂടെ അവരങ്ങ് തീരുമാനിക്കും.

ഇനി ചില കാര്യമുള്ള കാര്യങ്ങളിലേക്ക്‌ വരാം. അമിതമായി പൈസ കൊടുത്തു കുട്ടികളെ ഓരോ സ്കൂളുകളിലും ചേര്‍ക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ്.അതിന്‍റെ ഒരു കാരണം “മോന്‍/മോള്‍” ഏതു സ്കൂളില്‍ ആണ് പഠിക്കുന്നത് എന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ പറയാന്‍ കൊള്ളുന്ന ഒരു പേരു പറഞ്ഞ് സ്റ്റാറ്റസ് നിലനിര്‍ത്തണം എന്നുള്ളത് തന്നെയാണ്. അതിൽ പണക്കൊഴുപ്പിന്റെയും പൊങ്ങച്ചത്തിന്റെയുമിടയിൽ നമ്മുടെ കുട്ടികൾ നട്ടംതിരിയുന്നതു കണ്ടോ അല്ലെങ്കിൽ ഒരേപോലെയാകാൻ ശ്രമം നടത്തുന്നത് കണ്ടോ, ആന വാ പൊളിക്കുന്നതു പോലെ അണ്ണാൻ വാ പൊളിക്കണ്ട എന്ന് അവരോട് പറഞ്ഞിട്ട് കാര്യവുമില്ല. മലർന്നു കിടന്നു തുപ്പുന്നത് പോലെയാകും അത്. അതേ നിലവാരത്തില്‍ അല്ലെങ്കില്‍, അതിനേക്കാള്‍ മെച്ചമുള്ള ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ ( ഇംഗ്ലീഷ് മീഡിയമോ മലയാളം മീഡിയമോ ആയിക്കോട്ടെ) ചേര്‍ക്കുന്ന എത്ര മാതാപിതാക്കളെ നമുക്ക് ചുറ്റും കാണാന്‍ കഴിയും?ചില മാതാപിതാക്കള്‍ എങ്കിലും സ്കൂളിന്‍റെ നിലവാരം നോക്കി ചേര്‍ക്കുന്നവരാ‍യിരിക്കാം. എങ്കില്‍ തന്നെയും സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാല്‍ മനസിലാകുന്ന ഒരു കാര്യമാണ്, തുടക്കത്തില്‍ തന്നെ ഒരു വലിയ തുകയും മാസാ മാസം സ്കൂള്‍ ഫീസ്‌ എന്ന് പറഞ്ഞു കൊല്ലുന്ന മറ്റൊരു തുകയും അക്ഷരാര്‍ത്ഥത്തില്‍ കുട്ടിയുടെ വിദ്യാഭ്യാസത്തില്‍ പ്രത്യേകമായ ഒരു പങ്കും വഹിക്കുന്നില്ല എന്നുള്ളത്.ചില സ്കൂളുകളുടെ വെബ്സൈറ്റ് നോക്കിയാല്‍ ഓരോ മാസത്തെയും ഫീസ്‌ തുകകള്‍ കാണുവാന്‍ സാധിക്കും. ഓരോ വര്‍ഷവും 20% മുതല്‍ 40% വരെ ഫീസ്‌ കൂട്ടുന്നതും കാണാന്‍ സാധിക്കും. ഒരു കുട്ടിക്ക്‌ പഠിക്കുവാന്‍ ഇത്രയും തുക ആവശ്യമുണ്ടോ? ഒരു പ്രൈവറ്റ്‌ സ്കൂളിലെ അധ്യാപകരുടെ ശമ്പളത്തുക എടുത്ത് എണ്ണിയാല്‍ തന്നെ മനസിലാക്കാന്‍ കഴിയുന്ന സാമാന്യ ലോജിക്‌ മാത്രമുള്ള ചില കാര്യങ്ങള്‍.

ചില രക്ഷിതാക്കളുടെ സൗകര്യങ്ങള്‍ ആകാം ഇങ്ങനെയുള്ള സ്കൂളുകളില്‍ ചേര്‍ക്കുവാന്‍ കാരണം.അടുത്തു തന്നെയുള്ള സ്കൂളുകള്‍,വീട്ടില്‍ വന്നാല്‍ കുട്ടിയുടെ പഠനത്തില്‍ അധികം ശ്രദ്ധ ചെലുത്താന്‍ കഴിയാത്ത മാതാപിതാക്കള്‍ നല്ല പഠന നിലവാരമുള്ള സ്കൂളുകള്‍ നോക്കി ചേര്‍ക്കുക സ്വാഭാവികം.അവിടെയെല്ലാം മുഴച്ചു നില്‍ക്കുന്നത്‌ ഈ വമ്പിച്ച ഫീസ്‌ തന്നെയാണ്. ആരും എങ്ങും പ്രതികരിച്ചു കാണാറില്ല. പ്രതികരിച്ചാലും “നിങ്ങള്‍ നിങ്ങളുടെ കുട്ടിക്ക്‌ വേറെ സ്കൂള്‍ നോക്കിക്കോളൂ ഞങ്ങളുടെ സ്കൂളില്‍ ചേരാന്‍ ആളുകള്‍ ക്യുവില്‍ ആണ്” എന്ന മറുപടി ആകും ലഭിക്കുക.

ബംഗളൂരു,ഹൈദരാബാദ് എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ സ്കൂള്‍ ഫീസുകള്‍ വര്‍ഷാവര്‍ഷം കൂട്ടുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ (പ്രത്യേകിച്ച് CBSC,ICSC) വന്നിട്ടുള്ളതാണ്.വന്നത് പോലെ പലതും പോവുകയും ചെയ്തു, ഒരു ഫലവും കാണാതെ ! ഫീസിന് ഒരു നിശ്ചിത മാതൃക കൊണ്ട് വരുക, അതിനായി സര്‍ക്കാര്‍ തല ഇടപെടലുകള്‍ നടത്തുക എന്നത് മാത്രമാണ് ത്രിശങ്കു സ്വര്‍ഗത്തിലാകുന്ന മാതാപിതാക്കളെ രക്ഷിക്കാന്‍ ഉള്ള ഒരു മാര്‍ഗം.

രക്ഷകര്‍ത്താക്കളെ ,നിങ്ങള്‍ കുട്ടികളെ നല്ല സ്കൂളുകളില്‍ ചേര്‍ത്തിക്കോളൂ, .പഠനം മോശമായെങ്കില്‍ പിന്നെയും ഫീസ്‌ കൊടുത്തു ടൂഷന്‍ ക്ലാസ്സില്‍ അയച്ചു കൊള്ളൂ, പക്ഷേ വരുന്ന ഓണത്തിന് പാവപ്പെട്ടവന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പച്ചക്കറി വിലപേശി വാങ്ങാതിരിക്കുക, വിലക്കൂടുതലിനെക്കുറിച്ച് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാതിരിക്കുക, സര്‍ക്കാര്‍ സ്കൂളുകളില്‍ ഫീസില്ലാതെ പഠിക്കുന്ന കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ച് സൗഹൃദ സദസ്സുകളില്‍ വാചാലരാകാതിരിക്കുക..അപേക്ഷയാണ്.

↑ top