≡ ഏപ്രില്‍ 2016 ലക്കം
സ്വതന്ത്രവിവർത്തനം

ഭാഗ്യക്കുറി- അന്റോൺ ചെക്കോവ്

ഇവാൻ ദിമിത്രിച്ച്,സ്വന്തം കുടുംബവുമായി അങ്ങേയറ്റം സംതൃപ്തിയോടെ കഴിയുന്ന, ഒരു വർഷം പന്തീരായിരം റൂബിൾ വരുമാനമുള്ള ഇടത്തരക്കാരൻ, അത്താഴം കഴിച്ച ശേഷം സോഫായിലിരുന്ന് പത്രം വായിക്കാൻ തുടങ്ങി.

"ഞാനിന്നത്തെ പത്രം നോക്കാൻ മറന്നു" മേശപ്പുറം വൃത്തിയാക്കുമ്പോൾ അയാളുടെ ഭാര്യ അയാളോട് പറഞ്ഞു. "ഭാഗ്യക്കുറിയുടെ ഫലം വന്നോന്ന് നോക്കൂ"

"ഉണ്ടല്ലോ, " ഇവാൻ ദിമിത്രിച്ച് പറഞ്ഞു; "പക്ഷെ നിന്റെ ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞില്ലേ?"

"ഇല്ല, ഞാനത് ചൊവ്വാഴ്ചയാണ് എടുത്തത്."

"നമ്പർ എന്താണ്?"

"സീരീസ് 9499 , നമ്പർ 26."

"ശരി...നോക്കട്ടെ.. 9499 , പിന്നെ 26."

ഇവാൻ ദിമിത്രിച്ചിന് ഭാഗ്യക്കുറിയുടെ ഭാഗ്യത്തിലൊന്നും വിശ്വാസമില്ല, മാത്രവുമല്ല നമ്പർ അടിച്ചോയെന്നു നോക്കുക സാധാരണയായി ചെയ്യാറുമില്ല. പക്ഷെ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടും പത്രം കണ്മുൻപിൽ ഇരുന്നതുകൊണ്ടും, അയാൾ ഭാഗ്യനമ്പറുകളുടെ നിരയിലൂടെ തന്റെ വിരൽ താഴേയ്ക്ക് ഓടിച്ചു. പെട്ടെന്ന് തന്നെ, തന്റെ അവിശ്വാസത്തിന് മറുപടിയെന്നവണ്ണം, മുകളിൽ നിന്ന് രണ്ടാമത്തെ വരിയിൽ തന്നെ അയാളുടെ കണ്ണുകൾ 9499 എന്ന സംഖ്യയിൽ കുരുങ്ങി. സ്വന്തം കണ്ണുകൾ വിശ്വസിക്കാനാകാതെ, ടിക്കറ്റിന്റെ നമ്പർ പോലും നോക്കാതെ അയാൾ പത്രം പെട്ടെന്ന് തന്റെ മടിയിലിട്ടു. ആരോ തന്റെ ദേഹത്ത് തണുത്ത വെള്ളം കോരിയൊഴിച്ചതുപോലെ അയാൾക്ക്‌ ഒരു കോരിത്തരിപ്പും അടിവയറ്റിൽ അസഹനീയവും മധുരോദാരമായ ഒരു തണുപ്പും അനുഭവപ്പെട്ടു!

'മാഷാ, ഇവിടെ 9499 ഉണ്ട് !" അയാൾ പൊള്ളയായ ശബ്ദത്തിൽ പറഞ്ഞു.

അയാളുടെ ഭാര്യ അയാളുടെ അത്ഭുതവും ഭീതിയും നിറഞ്ഞ മുഖത്തേയ്ക്കു നോക്കി അയാൾ തമാശ പറയുന്നതല്ല എന്ന് തിരിച്ചറിഞ്ഞു. "9499?" മടക്കിയ തുണി മേശപ്പുറത്ത് ഇട്ടിട്ട് വിളറിയ മുഖത്തോടെ അവൾ ചോദിച്ചു.

"അതെ, അതെ..ശരിക്കും ഇവിടുണ്ട് !"

"ടിക്കറ്റിന്റെ നമ്പർ ?"

"ങ്ഹാ, ടിക്കറ്റിന്റെ നമ്പരുമുണ്ടിവിടെ. പക്ഷെ.. നിൽക്ക് ..അല്ല, ഞാൻ പറയുന്നത്.. എന്തായാലും നമ്മുടെ സീരീസ് ഇവിടുണ്ടല്ലോ. എന്തായാലും, നിനക്കറിയാമല്ലോ...."

തിളങ്ങുന്ന എന്തെങ്കിലും കാണിക്കുമ്പോൾ ഒരു കൊച്ചുകുട്ടി ചിരിക്കുംപോലെ ഇവാൻ ദിമിത്രിച്ച് ഭാര്യയെ നോക്കി അർഥശൂന്യമായ, വിശാലമായ ഒരു ചിരി ചിരിച്ചു. അയാളുടെ ഭാര്യയും ചിരിച്ചു. സമ്മാനാർഹമായ കുറിയുടെ നമ്പർ നോക്കാതെ കുറിയുടെ സീരീസ്‌ നമ്പർ മാത്രമേ അയാൾ നോക്കിയിരുന്നുള്ളൂ എന്നതിലെ അയാൾക്കുണ്ടായ സന്തോഷം തന്നെ അവൾക്കും അനുഭവപ്പെട്ടു. വരാൻ പോകുന്ന ഭാഗ്യത്തെക്കുറിച്ച് ഓർത്ത് മനോവ്യഥ അനുഭവിക്കുകയും കൊതി പിടിക്കുകയും ചെയ്യുന്നത് എത്ര മധുരവും ഹർഷാത്മകവുമാണ്! "അത് നമ്മളുടെ സീരീസ് ആണ്. " ഒരു നീണ്ട നിശബ്ദതയ്ക്ക് ശേഷം ഇവാൻ ദിമിത്രിച്ച് പറഞ്ഞു, " അതുകൊണ്ട് നമ്മൾ വിജയിക്കാൻ സാധ്യതയുണ്ട്. ഒരു സാധ്യത മാത്രമേയുള്ളൂ, എന്നാലും അതവിടെയുണ്ട് !"

"ശരി, ഇനി നോക്ക്"

"അല്പം ക്ഷമിക്ക്. നിരാശപ്പെടാൻ നമുക്ക് ആവശ്യത്തിനു സമയമുണ്ടല്ലോ. അത് മുകളിൽ നിന്നും രണ്ടാമത്തെ വരിയിലാണ്. അപ്പോൾ സമ്മാനം എഴുപത്തയ്യായിരമാണ്. അത് പണമല്ല, അധികാരം, മൂലധനം! ദാ , ഇപ്പോൾത്തന്നെ ഞാൻ ലിസ്റ്റ് നോക്കാം, 26 ! ങ്ഹെ, ശരിക്കും നമ്മൾ വിജയിച്ചാൽ?"

ഭാര്യയും ഭാർത്താവും ചിരിക്കാനും പരസ്പരം നിശബ്ദരായി നോക്കി ഇരിക്കാനും തുടങ്ങി. ജയിക്കാനുള്ള സാധ്യത അവരെ അങ്കലാപ്പിലാക്കി; എഴുപത്തയ്യായിരം കൊണ്ട് എന്താണ് വേണ്ടതെന്നോ, അവർ എന്ത് വാങ്ങുമെന്നോ, എവിടെയാണ് അവർ പോകുന്നതെന്നോ ഒന്നും അവർക്ക് പറയാനോ സപ്നം കാണാനോ കഴിയുമായിരുന്നില്ല. അവർ 9499 , 75000 എന്നീ സംഖ്യകളെപ്പറ്റി മാത്രമേ ചിന്തിച്ചുള്ളൂ, അവയെ തങ്ങളുടെ സങ്കല്പത്തിൽ അവർ കണ്ടു. അത്രയ്ക്കും സാധ്യമായ സന്തോഷത്തെപ്പറ്റി ചിന്തിക്കാനേ അവർക്ക് കഴിഞ്ഞില്ല.

ഇവാൻ ദിമിത്രിച്ച് തന്റെ കൈകളിൽ ആ പത്രവും പിടിച്ച് ഒരു മൂലയിൽ നിന്നും മറ്റേ മൂലയിലേയ്ക്ക് പല തവണ നടന്നു, തന്റെ ആദ്യത്തെ തോന്നലിൽ നീന്നും മുക്തനായതിനു ശേഷം മാത്രമേ അല്പം സ്വപ്നം കാണാൻ അയാൾക്ക്‌ കഴിഞ്ഞുള്ളു.

"നമ്മൾ വിജയിച്ചാൽ" അയാൾ പറഞ്ഞു " അതൊരു പുതിയ ജീവിതമായിരിക്കും, അതൊരു പരിവർത്തനമായിരിക്കും! കുറി നിന്റേതാണ്,പക്ഷെ അതെന്റേതായിരുന്നെങ്കിൽ ഞാനാദ്യം തീർച്ചയായും അതിൽ ഒരു ഇരുപത്തയ്യായിരം എടുത്ത് ഒരു എസ്റ്റേറ്റ്‌ വാങ്ങാൻ ഉപയോഗിക്കും, പതിനായിരം അത്യാവശ്യം ചിലവുകൾക്ക് ; പുതിയ വീട്ടുപകരണങ്ങൾ.... യാത്ര....കടം വീട്ടണം....അങ്ങനെയങ്ങനെ ... ബാക്കി നാൽപ്പതിനായിരം ബാങ്കിൽ ഇട്ടു ഞാൻ പലിശ വാങ്ങും."

" ങാ, ഒരു എസ്റ്റേറ്റ്‌, അത് കൊള്ളാം " ഭാര്യ കസേരയിൽ ഇരുന്നു കൈകൾ തന്റെ മടിയിൽ ഇട്ടു പറഞ്ഞു.

"ടുലായിലോ ഒര്യോൾ പ്രദേശത്തോ... നമുക്കൊരു വേനൽക്കാല വസതിയൊന്നും വേണ്ട. മാത്രവുമല്ല അത് നമുക്കൊരു വരുമാനവും തരും."

അയാളുടെ സങ്കല്പത്തിലേയ്ക്ക് കൂടുതൽ ചിത്രങ്ങൾ തിങ്ങി നിറയാൻ തുടങ്ങി, ഓരോന്നും അവസാനത്തേതിനേക്കാൾ കാവ്യാത്മകവും മഹത്തരവുമായതായിരുന്നു. എല്ലാ ചിത്രങ്ങളിലും അയാൾ സ്വയം ആരോഗ്യവാനായും സംതൃപ്തനായും കാണപ്പെട്ടു. എല്ലാം ഊഷ്മളമായി, നന്നേ ചൂടായി വരെ അനുഭവപ്പെട്ടു. ഇവിടെ മഞ്ഞു പോലെ തണുത്ത ഒരു വേനൽക്കാല സൂപ്പ് കുടിച്ചിട്ട് പൂന്തോട്ടത്തിലെ ഒരു നാരകത്തിന്റെ തണലിലോ നദിക്കരയിലെ ചുട്ടുപഴുത്ത മണലിലോ അയാൾ മലർന്നു കിടക്കുകയാണ്.. നല്ല ചൂടാണ്...അയാളുടെ കുഞ്ഞുമകനും മകളും അയാൾക്ക്‌ ചുറ്റും മുട്ടിലിഴഞ്ഞു നടക്കുന്നു, മണ്ണിൽ കുഴി കുത്തുകയോ പുൽത്തകിടിയിൽ വണ്ടുകളെ പിടിക്കുകയോ ചെയ്യുന്നു.. അയാൾ സന്തോഷത്തോടെ മയങ്ങുന്നു, ഒന്നിനെപ്പറ്റിയും ചിന്തിക്കാതെ, ഓഫീസിലേയ്ക്ക് ഇന്നോ നാളെയോ മറ്റെന്നാളോ പോകണ്ട കാര്യമില്ല എന്ന് തിരിച്ചറിഞ്ഞ്... ചുമ്മാതെ കിടന്നു ക്ഷീണിക്കുമ്പോൾ അയാൾ വയലിലേയ്ക്കോ, അല്ലെങ്കിൽ കൂൺ തിരക്കി കാട്ടിലേയ്ക്കോ പോകുന്നു, അതുമല്ലെങ്കിൽ ഗ്രാമീണർ വലയിട്ടു മീൻ പിടിക്കുന്നത് നോക്കി നിൽക്കുകയോ ചെയ്യുന്നു. സൂര്യൻ അസ്തമിച്ചു കഴിയുമ്പോൾ അയാൾ തോർത്തും സോപ്പുമെടുത്ത് കുളിപ്പുരയിലെയ്ക്ക് നടക്കുന്നു, തന്റെ സമയമെടുത്ത് സാവധാനം ഉടുപ്പുകൾ അഴിച്ചു വച്ച് തന്റെ നഗ്നമായ നെഞ്ച് കൈകൾ കൊണ്ട് സാവധാനം തിരുമ്മുന്നു, പിന്നെ വെള്ളത്തിലേയ്ക്കിറങ്ങുന്നു. വെള്ളത്തിൽ, സോപ്പ് പത കൊണ്ടുള്ള അതാര്യവൃത്തങ്ങൾക്ക് സമീപം, കുഞ്ഞു മീനുകൾ മുങ്ങിപ്പൊങ്ങുന്നു, പായലുകൾ അവയുടെ തലകൾ ആട്ടുന്നു. കുളിയ്ക്കുശേഷം പാല് ചേർത്ത ചായയുണ്ട് , പാലടയുണ്ട്. .. പിന്നെ വൈകുന്നേരം ഒരു നടപ്പ്, അല്ലെങ്കിൽ അയൽക്കാരുമായി ഒരു കുശലം.

"അതെ, ഒരു എസ്റ്റേറ്റ്‌ വാങ്ങുന്നത് നന്നായിരിക്കും, " അയാളുടെ ഭാര്യയും ഒരു സ്വപ്നത്തിൽ മുഴുകി പറഞ്ഞു, ആ ചിന്തകളിൽ അവൾ മതിമറന്നിരിക്കുകയാണെന്ന് അവളുടെ മുഖം വിളിച്ചു പറഞ്ഞു.

ഇവാൻ ദിമിത്രിച്ച് താൻ മഴനിറഞ്ഞ ശരത്കാലത്തിലാണെന്ന് സങ്കല്പിച്ചു, അതിന്റെ തണുത്ത സായന്തനങ്ങളിൽ, അതിനൊടുക്കം മാർട്ടിൻ പുണ്യവാളന്റെ വേനലിൽ.. ആ ഋതുവിൽ അയാൾക്ക്‌ നന്നായി കോച്ചി വിറച്ചു തണുക്കാനായി തന്റെ പൂന്തോട്ടത്തിലും നദിക്കരയിലും കൂടുതൽ സമയം നടക്കേണ്ടതുണ്ട്, പിന്നെ ഒരു വലിയ ഗ്ലാസ് നിറയെ വോഡ്ക കുടിക്കണം, ഉപ്പു പുരട്ടിയ കൂണുകൾ അല്ലെങ്കിൽ അച്ചാറിട്ട വെള്ളരിക്ക കഴിക്കണം, പിന്നെ--വീണ്ടും കുടിക്കണം... കുട്ടികൾ പുതുമണ്ണിന്റെ മണം നിറഞ്ഞ കാരറ്റും മുള്ളങ്കിയും അടുക്കളത്തോട്ടത്തിൽ നിന്നും പറിച്ചു കൊണ്ട് ഓടി വരും. ..പിന്നെ അയാൾ സോഫയിൽ നെടുനീളത്തിൽ നിവർന്നു കിടക്കും, പിന്നെ ചിത്രങ്ങൾ നിറഞ്ഞ ഏതെങ്കിലും മാസികയുടെ താളുകൾ സാവധാനം മറിച്ചുകൊണ്ടിരിക്കും, അല്ലെങ്കിൽ അതുകൊണ്ട് തന്റെ മുഖം മറച്ച്, മേലുടുപ്പിന്റെ കുടുക്കുകൾ അഴിച്ചിട്ട്, ഒരു മയക്കത്തിലേയ്ക്കു വഴുതി വീഴും.

മാർട്ടിൻ പുണ്യവാളന്റെ വേനലിന് പിന്നാലെ മേഘങ്ങൾ മൂടിയ മ്ലാനമായ കാലാവസ്ഥയാണ്. രാത്രിയും പകലും മഴ പെയ്തുകൊണ്ടിരിക്കും, ഇലകൾ കൊഴിഞ്ഞ വൃക്ഷങ്ങൾ വിതുമ്പും, കാറ്റ് തണുത്തതും ഈർപ്പമുള്ളതുമായിരിക്കും. നായ്ക്കളും കുതിരകളും കോഴികളും നനഞ്ഞ് തലതാഴ്ത്തി വിഷണ്ണരായി ഇരിക്കും. എങ്ങോട്ടും നടക്കാൻ പോകാൻ പറ്റില്ല; ദിവസങ്ങളോളം ഒരാൾക്കും പുറത്തേയ്ക്ക് പോകാൻ കഴിയില്ല; വെളിച്ചമില്ലാത്ത ജനാലയിൽ നോക്കി മുറിയിൽ അങ്ങോട്ടുമിങ്ങൊട്ടും നടക്കേണ്ടതായി വരും. അത് എന്ത് വിരസമാണ് !

ഇവാൻ ദിമിത്രിച്ച് ഭാര്യയെ നോക്കി.

"അറിയാമോ മാഷാ, എനിക്ക് വിദേശത്തു പോകണം," അയാൾ പറഞ്ഞു.

ശരത്കാലത്തിന്റെ ഒടുക്കം വിദേശത്തെവിടെങ്കിലും പോകുന്നതിനെപ്പറ്റി അയാൾ ചിന്തിക്കാൻ തുടങ്ങി.. ഫ്രാൻസിന്റെ തെക്ക് ..ഇറ്റലിക്ക്.. ഇന്ത്യക്ക് ...

"എനിക്കും തീർച്ചയായും വിദേശത്ത് പോകണം" അയാളുടെ ഭാര്യ പറഞ്ഞു. "പക്ഷെ കുറിയുടെ നമ്പർ നോക്കൂ! "

"നിൽക്ക്, നിൽക്ക് ..."

അയാൾ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ആലോചിച്ചുകൊണ്ടേയിരുന്നു. അയാൾ ചിന്തിച്ചു; ശരിക്കും അയാളുടെ ഭാര്യ വിദേശത്തു പോയാലോ? തനിയെ യാത്ര ചെയ്യുന്നത് സന്തോഷകരമായിരിക്കും, അല്ലെങ്കിൽ ഒന്നിനെക്കുറിച്ചും ചിന്തിക്കാത്ത, അശ്രദ്ധരായ, വർത്തമാനകാലത്തിൽ മാത്രം ജീവിക്കുന്ന സ്ത്രീകളുടെ കൂടെ പോകണം. യാത്രയിൽ ഓരോ ചുവടിലും തങ്ങളുടെ കുട്ടികളെക്കുറിച്ചു മാത്രം ചിന്തിക്കുകയും പറയുകയും നെടുവീർപ്പിടുകയും വിതുമ്പുകയും ചെയ്യുന്ന സ്ത്രീകളായിരിക്കരുത്. ഇവാൻ ദിമിത്രിച്ച് തന്റെ ഭാര്യ എണ്ണമറ്റ പൊതികളും കൂടകളും സഞ്ചികളുമായി തീവണ്ടിയിൽ ഇരിക്കുന്നത് സങ്കല്പിച്ചു, അവൾ എപ്പോഴും എന്തെങ്കിലും ഓർത്ത് നെടുവീർപ്പിടുകയായിരിക്കും, തീവണ്ടിയാത്ര അവൾക്ക്‌ തലവേദന നൽകുന്നുവെന്നോ അവൾ ഒരു പാട് കാശ് ചിലവാക്കിയെന്നോ പരാതിപ്പെടുകയായിരിക്കും.. തീവണ്ടിസ്റ്റേഷനുകളിലെല്ലാം അയാൾ തിളപ്പിച്ച വെള്ളത്തിനോ റൊട്ടിക്കോ വെണ്ണയ്ക്കോ വേണ്ടിയുള്ള പരക്കം പാച്ചിലിലായിരിക്കും... ഭയങ്കര വിലയായതുകൊണ്ട് അവൾ അത്താഴം പോലും കഴിക്കുകയില്ല.

"ഓരോ ചുവടിലും അവളെന്നെ അലോസരപ്പെടുത്തും," അയാൾ തന്റെ ഭാര്യയെ നോക്കി ചിന്തിച്ചു.

"ഈ ഭാഗ്യക്കുറി എന്റേതല്ല, അവളുടേതാണ്. അല്ലെങ്കിൽത്തന്നെ അവൾ വിദേശത്തുപോയിട്ട് എന്താ കാര്യം? അവൾക്കവിടെ എന്താ വേണ്ടത്? അവൾ ഹോട്ടൽ മുറിയിൽ അടച്ചു മൂടിയിരിക്കും, എന്നെപ്പോലും അവളുടെ കൺവെട്ടത്തിൽ നിന്നും മാറ്റില്ല.. എനിക്കറിയാം !" തന്റെ ഭാര്യ ഒരു സാധാരണസ്ത്രീയായെന്നും വയസ്സിയായെന്നും, പാചകത്തിന്റെ ഗന്ധത്താൽ അങ്ങേയറ്റം മുങ്ങിയവളാണെന്നും, താൻ പക്ഷെ ഇപ്പോഴും യുവാണെന്നും സുമുഖനും ആരോഗ്യവാനുമാണെന്നും, ഒരു പക്ഷെ വീണ്ടും ഒരു കല്യാണം കഴിക്കേണ്ടാതായിരുന്നുവെന്നും അയാൾ ജീവിതത്തിൽ ആദ്യമായി മനസ്സിൽ വിചാരിച്ചു.

"ശരിക്കും ഇതെല്ലാം മണ്ടത്തരങ്ങളാണ്," അയാൾ വിചാരിച്ചു; " പക്ഷെ... അവളെന്തിനാണ് വിദേശത്ത് പോകുന്നത്? അവൾക്കതിൽ നിന്നും എന്താണ് കിട്ടാൻ പോകുന്നത്? എന്നാലും അവൾ പോകും, തീർച്ചയാണ്...എനിക്കത് സങ്കല്പിക്കാൻ കഴിയും... യഥാർത്ഥത്തിൽ അവൾക്കെല്ലാം ഒരുപോലെയാണ്, അത് നേപ്പിൾസ് ആയാലും ക്ലിൻ ആയാലും. അവളെന്റെ വഴി മുടക്കുകയേയുള്ളൂ. എനിക്ക് അവളെ ആശ്രയിക്കേണ്ടി വരും. എനിക്കത് സങ്കല്പിക്കാൻ കഴിയും, ഏതൊരു സാധാരണ സ്ത്രീയേയും പോലെ ആ കാശ് കിട്ടിയാലുടനെ അവളത് പൂട്ടി വയ്ക്കും....അവൾ അവളുടെ ബന്ധുക്കളെ സംരക്ഷിക്കും, ഓരോ ചുവടിലും എനിക്ക് അലോസരമുണ്ടാക്കും."

ഇവാൻ ദിമിത്രിച്ച് അവളുടെ ബന്ധുക്കളെപ്പറ്റി ആലോചിച്ചു. ഈ ഭാഗ്യക്കുറി അടിച്ചതറിഞ്ഞാൽ ഉടൻ അവളുടെ വൃത്തികെട്ട സഹോദരന്മാരും സഹോദരിമാരും അമ്മായിമാരും അമ്മാവന്മാരും മുട്ടുകാലിൽ ഇഴഞ്ഞു വരും, ഭിക്ഷക്കാരുടെ മാതിരി യാചിക്കും... വഴുവഴുപ്പ് നിറഞ്ഞ, കാപട്യം നിറഞ്ഞ ചിരി ചിരിച്ച് സ്നേഹപ്രകടനങ്ങൾ കാഴ്ച്ചവയ്ക്കും. കുറച്ചെന്തെങ്കിലും കൊടുത്താൽ അവർ കൂടുതൽ കൂടുതൽ ചോദിക്കും; കൊടുക്കാതിരുന്നാലോ ചീത്ത പറയും, ദൂഷണം പറഞ്ഞു നടക്കും, എല്ലാ നിർഭാഗ്യങ്ങളും വരട്ടെ എന്ന് ശപിക്കും..

ഇവാൻ ദിമിത്രിച്ച് തന്റെ ബന്ധുക്കളെ ഓർത്തു, അവരുടെ മുഖങ്ങൾ ഓർത്തു, മുൻപ് നിഷ്പക്ഷമായി കണ്ടിരുന്ന അവരെ ഇപ്പോൾ വെറുക്കപ്പെട്ടവരും നികൃഷ്ടരുമായി തോന്നി.

"അവർ എന്തൊരു നികൃഷ്ടജീവികളാണ് !" അയാൾ ആലോചിച്ചു.

അയാളുടെ ഭാര്യയുടെ മുഖവും വെറുക്കപ്പെട്ടതും നികൃഷ്ടവുമായി അയാൾക്ക്‌ അനുഭവപ്പെട്ടു. അയാളുടെ ഹൃദയത്തിൽ വെറുപ്പ്‌ നിറഞ്ഞു വന്നു, അയാൾ അങ്ങേയറ്റം വെറുപ്പോടെ ആലോചിച്ചു :

" അവൾക്കു പണത്തെപ്പറ്റി ഒന്നുമറിയില്ല, അവൾ ഒരു പിശുക്കിയാണ്. അവൾക്കു കുറിയടിച്ചാൽ അവളെനിക്കു നൂറു റൂബിൾ തരുമായിരിക്കും, ബാക്കി അവൾ പൂട്ടി വയ്ക്കും."

അയാൾ അയാളുടെ ഭാര്യയെ വീണ്ടും നോക്കി, പുഞ്ചിരിയോടെയല്ല, വെറുപ്പോടെ. അവളും അയാളെ നോക്കി, ദേഷ്യവും വെറുപ്പോടും കൂടിത്തന്നെ. അവൾക്കു അവളുടേതായ ദിവാസ്വപ്നങ്ങൾ ഉണ്ടായിരുന്നു, തന്റേതായ പദ്ധതികളും ചിന്താഗതികളും ഉണ്ടായിരുന്നു; തന്റെ ഭർത്താവിന്റെ സ്വപ്‌നങ്ങൾ എന്താണെന്ന് അവൾക്കു നന്നായി അറിയാമായിരുന്നു. തന്റെ സമ്മാനം കൈവശപ്പെടുത്താൻ ആദ്യം ശ്രമിക്കുന്നത് ആരെന്നും അവൾക്കറിയാമായിരുന്നു.

"മറ്റുള്ളവരുടെ ചിലവിൽ ദിവാസ്വപ്നങ്ങൾ കാണുന്നത് സുഖകരമാണ്," അവളുടെ കണ്ണുകൾ പറഞ്ഞത് അതായിരുന്നു " വേണ്ട, അതിനു ചുമ്മാ ധൈര്യപ്പെടേണ്ട !"

അവളുടെ ഭർത്താവിനു അവളുടെ നോട്ടം മനസ്സിലായി; അയാളുടെ നെഞ്ചിൽ വീണ്ടും വെറുപ്പ്‌ നിറയാൻ തുടങ്ങി. ഭാര്യയെ അലട്ടുവാനായി അയാൾ പെട്ടെന്ന് തന്നെ പത്രത്തിന്റെ നാലാം താളിൽ നോക്കി വിജയാഹ്ലാദത്തോടെ പറഞ്ഞു :

"സീരീസ് 9499, നമ്പര് 46 ! 26 അല്ല."

ആശയും വെറുപ്പും പെട്ടെന്ന് അപ്രത്യക്ഷമായി. ഇവാൻ ദിമിത്രിച്ചിനും അയാളുടെ ഭാര്യക്കും തങ്ങളുടെ മുറികൾ ചെറുതും ഇരുളടഞ്ഞതും ഇടുങ്ങിയതായും അനുഭവപ്പെട്ടു. തങ്ങൾ കഴിച്ച അത്താഴം ദഹിക്കാതെ ഒരു ഭാരമായി തങ്ങളുടെ വയറ്റിൽ കിടക്കുന്നതായും ആ സായാഹ്നം വളരെ നീളമുള്ളതും അസഹനീയവുമായും അവർക്ക് അനുഭവപ്പെട്ടു....

"എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം? " ഇവാൻ ദിമിത്രിച്ച് നീരസത്തോടെ പറഞ്ഞു " എവിടെ കാലു വച്ചാലും അവിടെല്ലാം ഒരു കീറക്കടലാസ് കാണും, പൊടികൾ, കഷണങ്ങൾ. മുറികളൊന്നും തൂക്കുകയില്ല ! എവിടെങ്കിലും ഇറങ്ങിപ്പോകാൻ തോന്നുന്നു . എന്റെ ജന്മം തുലഞ്ഞു! ആദ്യം കാണുന്ന വെള്ളിലമരത്തിൽ ഞാൻ തൂങ്ങിച്ചാവും !"

↑ top