≡ ഏപ്രില്‍ 2016 ലക്കം
കഥ

ആദിത്യന് പിന്നീട് തോന്നിയത്

മുന്നില്‍ കറങ്ങുന്ന സീലിംഗ് ഫാന്‍ ഒരു ടൈം മെഷീന്‍ ആയി രൂപം പ്രാപിച്ച പോലെ അയാള്‍ക്ക്‌ തോന്നി, ഓരോ കറക്കവും മനസ്സിനൊപ്പം ശരീരത്തെയും പുറകോട്ടു കൊണ്ടുപോകുന്ന പോലെ!എവിടെ നിര്‍ത്തണം എന്ന് നല്ല ബോധ്യമുള്ള ഒരു യാത്രയായിരുന്നു അത്, എന്നിട്ടും ചില കാലങ്ങളില്‍ ഇടക്ക് യാത്ര ഒരു വേള നിര്‍ത്തി തുടരാം എന്ന ചിന്ത വന്നു കൊണ്ടേയിരുന്നു. മകള്‍ പിറന്ന ദിവസം, ആദ്യ രാത്രി, വിവാഹം, ടൌണില്‍ തന്‍റെ ഇരു ചക്രവാഹനത്തിന്മേല്‍ അവളെയും കൊണ്ടുള്ള കള്ളക്കറക്കങ്ങള്‍, ഫോണ്‍ വിളികള്‍, വിവാഹനിശ്ചയം, പെണ്ണുകാണല്‍ തുടങ്ങിയ നല്ല നിമിഷങ്ങളില്‍ തട്ടി തടഞ്ഞ് അവസാനം ബ്രോക്കര്‍ വേണുവിന്‍റെ പടിപ്പുര പുറകോട്ട് നടന്നിറങ്ങുന്ന ചിത്രത്തില്‍ സ്റ്റോപ്പ്‌ ചെയ്തു. ഇവിടെനിന്നാണ് ചില പ്രധാന അഴിച്ചു പണികള്‍ നടത്തേണ്ടത് എന്ന്‍ അയാള്‍ക്ക്‌ തോന്നി.കാലത്തിന്‍റെ പ്ലേ ബട്ടന്‍ അമര്‍ത്തി ആദിത്യന്‍ ബ്രോക്കര്‍ വേണുവിനെ വീണ്ടും മുന്നോട്ട് നടത്തി.

“ഭാസ്കരേട്ടാ..മ്മക്ക് ഒരു സലം വരെ പോണ്ടി വരും ട്ടോ, ഇതൊന്നു നോക്കിക്കോളിന്‍” ബ്രോക്കര്‍ വേണു, കോലായിലേക്ക് കയറാന്‍ നില്‍ക്കാതെ വിളിച്ചറിയിച്ചു

“നീയാദ്യം കൊറച്ചു ചായ കുടിക്ക് ന്‍റെ വേണു, എന്താപ്പോ ഇത്ര ധൃതി?”

ഭാസ്കരന്‍ നായര്‍ ഇത്തിരി കളിയായുംകുറച്ചു കാര്യമായും ചോദിച്ചു, അല്ലെങ്കിലും കാള പെറ്റെന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന സ്വഭാവം ഭാസ്കരേട്ടന് പണ്ടേ ഇല്ല, എല്ലാം ആലോചിച്ചും അന്വേഷിച്ചും മനസ്സിലാക്കിയതിനു ശേഷമേ എന്തെങ്കിലും തീരുമാനം അദ്ദേഹം എടുക്കാറുള്ളൂ.

“ന്‍റെ ഭാസ്കരേട്ടാ, തങ്കപ്പെട്ട ആലോചനകളാ രണ്ടും, വേറെ ആരുടെയെങ്കിലും കയ്യില്‍ പെടുന്നതിനു മുന്‍പ് ഒന്ന് പോയി നോക്കുന്നത് തന്നെയാ നല്ലത്, പിന്നെ സാവകാശം ആലോചിച്ച് തീരുമാനിക്കാലോ. ഇനിയിപ്പോ വേണ്ടാ ന്ന്‍ ച്ചാ വല്ല ജാതക പൊരുത്തം ഇല്ലാ ന്നോ, അല്ലെങ്കില്‍ ദൂരംകൂടുതലാ ന്നൊക്കെ പറഞ്ഞ് ഒഴിവാക്കിയാല്‍ മതിയല്ലോ!

ഇതാണ് ആദ്യത്തെ കുട്ടി, പേര് അശ്വതി, ഏക മകള്‍, കണ്ടമാനം സ്വത്ത്‌, അച്ഛന്‍ സ്വന്തമായി നല്ല ബിസിനെസ്സ്, അമ്മ സ്വസ്ഥം, ബംഗ്ലൂരില്‍ നല്ല ജോലി, നല്ല ശമ്പളം. അവിടെ മോൾക്ക് താമസിക്കാൻ ഒരു വീടും വാങ്ങിയിട്ടുണ്ട്, കൂടെ ഒരു ജോലിക്കാരിയെയും നിര്‍ത്തീട്ടുണ്ട്.” “ഇതൊക്കെ നമ്മക്ക് ശരിയാവും ന്ന്‍ എനിക്ക് തോന്നുന്നില്ല വേണുവേ, നീ അടുത്തത് പറ..”

“ഇത് പ്രസീത,അച്ഛനും അമ്മയും സ്കൂളില്‍ പഠിപ്പിക്കുന്നു, രണ്ടു പെണ്മക്കള്‍, ചെറിയ കുട്ടി ഇപ്പോള്‍ പത്താം തരം കഴിഞ്ഞ് റിസള്‍ട്ട്‌ കാത്ത് നില്‍ക്കുന്നു, നല്ല തറവാട്ടുകാരാണ്, കുട്ടിയാണെങ്കില്‍ നല്ല അടക്കോം ഒതുക്കോം, വീട്ടിലെ എല്ലാ പണികളുംചെയ്യും, പോരാത്തതിന് ബി കോം കഴിഞ്ഞിട്ടുണ്ട്, ആകെ പ്രശ്നം , മൂപ്പര്‍ ഒരു മൂത്തകമ്മ്യൂണിസ്റ്റ് ആണ്. ചില്ലറ ഒന്നും തടയില്ലാന്ന്‍ അര്‍ത്ഥം!”

“തന്നോടാരാടോ പറഞ്ഞത് ഞാന്‍ നക്കാപ്പിച്ച പൈസക്ക് വേണ്ടിയാണ് എന്‍റെ കുട്ടീടെ കല്യാണം നടത്തുന്നത് എന്ന്? ദൈവം സഹായിച്ച്, ഒന്ന് രണ്ടു തലമുറക്ക് സുഖമായികഴിയാനുള്ളതൊക്കെ ഇവിടെ ഉണ്ട്, ഇത് ശരിയാകും എന്ന്‍ എന്‍റെ മനസ്സ് പറയുന്നു..”

ഇവിടെയാണ്‌ തന്‍റെ ജീവിതത്തില്‍ ഇടപെടാന്‍ ആദിത്യന്‍ തീരുമാനിച്ചത്.

“അല്ല വേണുവേട്ടാ, ആ ആദ്യത്തെ ഫോട്ടോ ഒന്ന് നോക്കട്ടെ,” അയാള്‍ അച്ഛന് മുഖം കൊടുക്കാതെ ചോദിച്ചു, ഒരു വഷളന്‍ ചിരിയോടെ ബ്രോക്കര്‍ ഫോട്ടോ അയാള്‍ക്ക് കൈമാറി.

അച്ഛന്‍ ഒന്നും മിണ്ടാതെ അയാളെ തുറിച്ചു നോക്കി.

മൂന്നു മാസങ്ങള്‍ക്കപ്പുറം കല്യാണം ആര്ഭാടമായിത്തന്നെ നടന്നു, പ്രതാപന്‍ മുതലാളി ഏക മകളുടെ കല്യാണം ഒരു ഉത്സവത്തിന്‍റെ കെട്ടിലും മട്ടിലും നടത്തി. പൊന്നില്‍ മുങ്ങിയ പെണ്ണും, കൂടെ കൊണ്ടുവന്ന സമ്മാനങ്ങളും ആളുകളെ അമ്പരപ്പിച്ചു എന്ന് മാത്രമല്ല, ഭാസ്കരേട്ടന്റെ മകന്‍റെ“സമയം” എല്ലാ ഇടങ്ങളിലും വളരെക്കാലത്തേക്ക് ഒരു ചര്‍ച്ചയായി. കല്യാണം കഴിഞ്ഞ അതേ ആഴ്ച തന്നെ മൂന്നാറില്‍ ഹണിമൂണും മറ്റു പലയിടങ്ങളില്‍ വിരുന്നും നടന്നു, പ്രതാപന്‍ മുതലാളി തന്‍റെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഏറണാകുളത്ത് നിന്നും ബാംഗ്ലൂരിലേക്ക് അയാള്‍ക്ക് സ്ഥലം മാറ്റവും സാധിച്ചു കൊടുത്തു. കാലം പിന്നെയുംമുന്നോട്ട് പോയി.

“നിനക്ക് കിടക്കാനായില്ലേ?” അയാള്‍ ചോദിച്ചു, മൂന്നു വര്‍ഷമായും ഒരു കുഞ്ഞിക്കാലു കാണാത്തത് നാട്ടിൽ ഒരു ചര്‍ച്ചാ വിഷയമായി മാറിയതില്‍ പിന്നെ, “മാസം തോറും ഉള്ള പോക്ക് കുറച്ച് കാലമായി നിര്‍ത്തി വച്ചിരിക്കുകയാണ്, എന്ത് പറയാനാണ്, പ്രസവിക്കാന്‍ കിടക്കുന്ന 3 മാസം ലീവ് മതി ഇത് വരെ ഉണ്ടാക്കിയ സീനിയോറിട്ടി ഒക്കെ മാറിമറഞ്ഞുപോകാനും, ആ സൂസന്‍ തന്‍റെ തലയില്‍ കയറി നിരങ്ങാനും” എന്നാണ് അവളുടെ വാദം.

“ആദി കിടന്നോ,എനിക്ക് കുറച്ചു കൂടി വൈകും,” അവള്‍ സ്ഥിരം പല്ലവി ആവര്‍ത്തിച്ചു.

സമയം രാത്രി പതിനൊന്നു കഴിഞ്ഞിരിക്കുന്നു, രാവിലെ ഏഴു മണിക്ക് എണീക്കണം. അതുകൊണ്ട് തന്നെ താനൊന്ന് തൊട്ടാല്‍ പോലും അവളുടെ വായില്‍ നിന്നും വരുന്ന മുഴുവന്‍ ചീത്തയും കേള്‍ക്കണം,അതിന്‍റെ ഇടയില്‍ സ്വകര്യപൂര്‍വ്വം അവളുടെ അച്ഛന്റെ സ്വത്തും, പത്രാസും ,സ്ത്രീധനവും , പണക്കൊഴുപ്പിന്റെ മുനവെച്ച സംസാരങ്ങളും അവള്‍ തിരുകി. അവസാനം വിവാഹമോചനത്തിനെ കുറിച്ചും, തന്‍റെ ഭാവി തുലച്ചതിനെ കുറിച്ചും മറ്റുമുള്ള സംസാരങ്ങളിലെക്ക് കടന്ന് അന്നത്തെ ദിവസം ഗംഭീരമാക്കാനുള്ള അവളുടെ കഴിവ് പല വട്ടംഅനുഭവിച്ചത് കൊണ്ട് ഇപ്പോള്‍ അയാള്‍ ഒന്നിനും മുന്‍ കൈ എടുക്കാറില്ല, പക്ഷെ അതിലും ഉണ്ടായിരുന്നു അപകടം, അവള്‍ അയാളെ തന്‍റെ ഇന്ഗിതത്തിനൊത്ത് ഒരു പുരുഷവേശ്യയെപ്പോലെ ഉപയോഗിച്ചു, അയാളുടെ ഈ ഒതുക്കത്തെ അവള്‍ വികാര ശൂന്യതയായി അവളുടെ വാനിറ്റി പാര്‍ട്ടികളില്‍ അവതരിപ്പിച്ചു പോന്നു, അത് കൊണ്ടു തന്നെ അവൾക്ക് ധാരാളം പുരുഷ സുഹൃത്തുക്കളും ഉണ്ടായി. അവളുടെ സമ്മതത്തോടു കൂടിത്തന്നെ അവര്‍ പല കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു.

വീട്ടു വേലക്കായി നിര്‍ത്തിയ രമ അയാള്‍ക്ക് ഒരു വിലയും കൊടുത്തിരുന്നില്ല, അയാളുടെ വരവോടെ തന്‍റെ സ്വാതന്ത്ര്യത്തിനേറ്റ കനത്ത പ്രഹരത്തിന്, ലഭ്യമാകുന്ന ഏതവസരത്തിലും പ്രതികാരം ചെയ്യുമായിരുന്നു അവള്‍, അശ്വതിക്ക് ഉച്ചഭക്ഷണം കൊണ്ടു പോകുന്ന പതിവില്ലാത്തതിനാല്‍ അയാളുടെ ഉച്ച ഭക്ഷണത്തിന്‍റെ ഗുണമേന്മ അമ്പേ കുറവായിരുന്നു. ചില അവസരങ്ങളില്‍ തന്‍റെ അലമാരയില്‍ വെക്കുന്ന പണത്തിലും ഒന്നോ രണ്ടോ നോട്ടുകളുടെ കുറവ് അയാള്‍ കണ്ടെത്തി, അതിനെ കുറിച്ച് ഭാര്യയോടു സൂചിപ്പിച്ചപ്പോള്‍ പുച്ഛം കലര്‍ന്ന ഒരു പുഞ്ചിരി അവളുടെമുഖത്ത് തെളിഞ്ഞു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നതായിരുന്നു അവളുടെ ന്യായം. അത് മാത്രമല്ല, രമയുടെ പുതിയ ചില പരിചയക്കാര്‍ ചില നേരങ്ങളില്‍ ഗേറ്റിനുപുറത്ത് വരാറുള്ളതും അയാള്‍ ശ്രദ്ധിച്ചു.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം രാവിലെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് രാവിലെ തന്നെ തിരിച്ചു വരേണ്ടിവന്നത്, ബെല്ലടിക്കുന്നതിനു മുന്‍പ് തന്നെ വാതില്‍ തുറന്നു, പക്ഷെ പുറത്തേക്ക് ആദ്യം വന്നത് ഗേറ്റിനു പുറത്ത് മാത്രം കണ്ടു പരിചയം ഉള്ള രമയുടെ പരിചയക്കാരനായിരുന്നു, പുറകെ വന്ന രമയുടെ മുഖം അയാളെ കണ്ടതും കടലാസുപോലെ വിളറി വെളുത്തു, ഒന്നും മിണ്ടാതെ അയാള്‍ പുറത്തേക്കും, അവള്‍ അകത്തേക്കും പോയി, അയാള്‍ അസ്തപ്രജ്ഞനായി നിന്നു.

മറന്നുവെച്ച ഫയല്‍ എടുത്തു തിരിഞ്ഞതും രമ കാലില്‍ വീണു കരഞ്ഞു, അവളെ തെല്ലും ഗൌനിക്കാതെ തട്ടി മാറ്റി അയാള്‍ തിരിച്ചു പോന്നു. വൈകീട്ട് ഓഫീസില്‍നിന്നും വന്ന അയാളെ പതിവില്ലാതെ സ്വീകരിച്ചത് അശ്വതിയാണ്, അവളുടെ കണ്ണുകള്‍ കത്തി ജ്വലിക്കുന്നുണ്ടായിരുന്നു, പുറകില്‍ രമ ഒന്നുമറിയാത്ത ഭാവത്തില്‍ നില്‍ക്കുന്നു,

“ യു ബാസ്റ്റാര്‍ഡ്, ഇപ്പൊ ഇറങ്ങണം എന്‍റെ വീട്ടില്‍ നിന്നും,” അവള്‍ കലിതുള്ളി പറഞ്ഞു, “വന്ന് വന്നു വേലക്കാരിയെപ്പോലും വെറുതെ വിടില്ല എന്നായി, ബ്ലടി പെര്‍വേര്‍ട്ട്”

കഥ താന്‍ വിചാരിക്കുന്ന വഴിയിലൂടെ അല്ല സഞ്ചരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായിത്തുടങ്ങിയിരുന്നു. ഇനിയും തന്‍റെ അന്വേഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല എന്നറിഞ്ഞു കൊണ്ട് അയാള്‍ വീണ്ടും കാലത്തിലൂടെ പുറകിലോട്ട് സഞ്ചരിച്ചു. ഉമ്മറപടിയില്‍ കൈ കുത്തി നിന്ന് ചായ മൊത്തിക്കുടിക്കുന്ന ബ്രോക്കര്‍ വേണുവില്‍ പിന്നെയും തിരിച്ചെത്തി.

“തന്നോടാരാടോ പറഞ്ഞത് ഞാന്‍ നക്കാപ്പിച്ച പൈസക്ക് വേണ്ടിയാണ് എന്‍റെ കുട്ടീടെ കല്യാണം നടത്തുന്നത് എന്ന്? ദൈവം സഹായിച്ച്, ഒന്ന് രണ്ടു തലമുറക്ക് സുഖമായി കഴിയാനുള്ളതൊക്കെ ഇവിടെ ഉണ്ട്, ഇത് ശരിയാകും എന്ന്‍ എന്‍റെ മനസ്സ് പറയുന്നു”

“മോനേ, ആദീ,നമുക്ക് ഉച്ചക്ക് ശേഷം അവിടം വരെ ഒന്ന് പോകാം, നീ ശശിധരന്‍ മാമനെ കൂടി വിളിച്ചോ, ഒരു നല്ല കാര്യത്തിനു പോകുമ്പോള്‍ മൂന്നു പേര്‍ ആയി പോയീ ന്ന്‍ വേണ്ട”

ഫോട്ടോ എടുത്തുസൂക്ഷിച്ചു നോക്കുമ്പോള്‍ ആദിത്യന് തോന്നിത്തുടങ്ങിയിരുന്നു, ഇവള്‍ തന്നെയാണ് എന്‍റെ പെണ്ണ് !

↑ top