≡ ഏപ്രില്‍ 2016 ലക്കം
ഓർമക്കുറിപ്പ്‌

ഓര്‍മ്മയിലെ ഒരു വിഷുക്കാലം

1995-ലെ ജനുവരി.

വെയിൽ കത്തിനില്‍ക്കുന്ന ദിനങ്ങള്‍ ഓരോന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു. എന്നാലോ പകല്‍ ചുട്ടുപഴുത്തിരിക്കുന്ന ഭൂമി പുലര്‍കാലത്തില്‍ തണുത്തുറഞ്ഞിരിക്കും. സാധാരണയായി ജനുവരിയിൽ മഴ കണ്ട ഓര്‍മ്മയില്ല.. തണുപ്പ് ഉറഞ്ഞു നില്‍ക്കുന്ന അത്തരം പ്രഭാതങ്ങളിലൊന്നിലാണ് രാജുവും ജയന്തിയും എന്‍റെ വീടിനടുത്തുള്ള പഴയ വാടകവീട്ടില്‍ താമസിക്കാന്‍ എത്തുന്നത്.

രാജു അര തമിഴനായിരുന്നു. ചെറുപ്പകാലത്ത് കേരളത്തിലേക്ക് കുടിയേറിയ തമിഴ്മാതാപിതാക്കള്‍ക്ക് ഇവിടെ വച്ച് ജനിച്ച ഏകസന്തതി. അച്ഛന്റെയും അമ്മയുടെയും തമിഴും, നാട്ടുകാരുടെയും സഹപാഠികളുടെയും മലയാളവും ഇഴചേര്‍ന്ന് അവനെ ‘തമിഴാളം’ പറയുന്നവനാക്കി മാറ്റി. യൗവനാരംഭത്തില്‍ അമ്മ മരിക്കുകയും അച്ഛന്‍ മറ്റൊരു തമിഴ് സ്ത്രീയെ ഒപ്പം കൂട്ടി തമിഴ്നാട്ടിലേക്ക് തിരികെ പോകുകയും ചെയ്തപ്പോള്‍ അവന്‍ കേരളത്തില്‍ പൂര്‍ണവളര്‍ച്ചയെത്തിയ കറുത്ത, കരുത്തുറ്റ ഒറ്റത്തടിയായി. ആ അസന്നിഗ്ദ്ധഘട്ടത്തില്‍, പത്തിരുപത്തിയഞ്ച് ഏക്കര്‍ സ്ഥലവും അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടും ഒക്കെ ഉണ്ടായിരുന്ന രാമകൃഷ്ണന്‍ ’മൊതലാളി’ എന്നൊരു മലയാളിചേട്ടന്‍ രാജുവിന് സ്നേഹത്തോടെ അഭയം നല്‍കുകയും തന്‍റെ ചെറിയ എസ്റ്റേറ്റില്‍ സ്ഥിരം ജോലി തരമാക്കുകയും ചെയ്തു. കൂടാതെ ഊര്‍ജസ്വലനായ അവനു എസ്റ്റേറ്റിലും ‘ബംഗ്ലാവി’ലും എല്ലാവിധ സ്വാതന്ത്ര്യങ്ങളും നല്‍കി. ‘തമിഴാളം’ നന്നായി പറഞ്ഞു ആരെയും വീഴ്ത്താന്‍ കഴിവുണ്ടായിരുന്ന അവന്‍ ആദ്യം വീഴ്ത്തിയത് രാമകൃഷ്ണന്‍ മൊതലാളിയുടെ ഏകമകള്‍ ജയന്തിയെ ആയിരുന്നു. ‘ഉണ്ട ചോറിനു നന്ദി’ കാണിക്കണമല്ലോ.

ജയന്തി.

ഇരുനിറം. ചുരുണ്ട മുടി. ഓരോ ചെറിയ ചലനത്തിലും ബളബളാന്നു തുള്ളുന്ന കവിളുകള്‍. വശ്യമായ ചിരി. അതായിരുന്നു ജയന്തി.

നല്ല കുടുംബമഹിമയും നല്ല സാമ്പത്തിക ചുറ്റുപാടും പ്രീഡിഗ്രി വരെ വിദ്യാഭ്യാസവും ഉണ്ടായിരുന്ന ജയന്തിയെ ‘തമിഴാളം’ മാത്രം കൈവശമുള്ള അഞ്ചാം ക്ലാസ്സുകാരന്‍ ഒരു മനസാക്ഷിക്കുത്തുമില്ലാതെ തന്ത്രപൂര്‍വ്വം സ്വന്തമാക്കിയത് കുറച്ചുകാലത്തേക്ക് ആരും അറിഞ്ഞില്ല.

ബംഗ്ലാവില്‍ ആരുമില്ലാതിരുന്ന ഒരു അപൂര്‍വ അവസരം മുതലാക്കി..... ഒരു ദുര്‍ബലനിമിഷത്തില്‍....... എന്‍റെ ദൈവമേ........ ഞാനതെങ്ങിനെ പറയും....?

അങ്ങനെ ആ നാല് ചെവി അല്ലാതെ മാറ്റാരും അറിയാതെ ജയന്തി ഗര്‍ഭിണിയായി....

അണ്‍മാരീഡ് ഗര്‍ഭിണിയെ ഉത്തരവാദി ഉപേക്ഷിച്ചില്ല. കാരണം പുളിംകൊമ്പല്ലേ പിടിച്ചിരിക്കുന്നത് !

അമാന്തിച്ചില്ല.

പൊക്കി.... ഒളിച്ചോടി... നാല് ചെവിക്ക് പകരം നാനൂറു ചെവി ടപ്പേന്ന് സംഗതിയറിഞ്ഞു. അതോ നാലായിരമോ...? ആ ആര്‍ക്കറിയാം. എന്തായാലും ആ പഞ്ചായത്ത് മഴുവന്‍ ആയി എന്ന് പറയാം.

ആ ഒളിച്ചോട്ടം ഒരു ഓട്ടപ്പാച്ചില്‍ തന്നെയായിരുന്നു. ആദ്യം തമിഴ്നാട്.... അവിടെ ‘പെറ്റ തന്ത’യുടെ പുളിച്ച തെറിയാണ് വരവേറ്റത്... രാമകൃഷ്ണന്‍മുതലാളിയുടെ സ്വഭാവം അറിയാമായിരുന്ന പെറ്റതന്ത അവരെ മനസാക്ഷിയില്ലാതെ കൈയ്യൊഴിഞ്ഞു. നിവര്‍ത്തിയില്ലാതെ തിരികെ കേരളം പിടിച്ചു... പിന്നെ ബഹളം... പോലീസ്...

രാമകൃഷ്ണന്‍മൊതലാളി... ഗുണ്ടകള്‍.. തിരച്ചില്‍... ചെറിയ ഉരസലുകള്‍... അവസാനം മനസ്സില്ലാമനസ്സോടെ ഒരു കോമ്പ്രമൈസ്.... കോമ്പ്രമൈസിന് കാരണമുണ്ടല്ലോ.

‘എവിടെങ്കിലും പോയി പണ്ടാരടങ്ങടി നന്ദികേട്ട ശവമേ....’ കരളുരുകുന്ന വേദനയോടെ രാമകൃഷ്ണന്‍ ചേട്ടന്‍ ഒറ്റമകളെ പ്രാകി, നിഷ്കരുണം ഉപേക്ഷിച്ചു, പ്രശ്നം അവസാനിപ്പിച്ചു.

കല്യാണം രെജിസ്ട്രാക്കി ജനുവരിയുടെ പകുതിയോടെ എന്‍റെ വീടിനടുത്ത് വാടകയ്ക്ക് താമസത്തിനെത്തുമ്പോള്‍ ജയന്തി നാലുമാസം ഗര്‍ഭിണി ആയിരുന്നു.

അധികം വൈകാതെ തമിഴാളം എന്നെയും വീഴ്ത്തി എന്നു പറഞ്ഞാ മതീല്ലോ. ഞങ്ങള്‍ പെട്ടെന്നുതന്നെ സുഹൃത്തുക്കളായി... അവന്‍റെ കഥകള്‍ എല്ലാം ഓരോന്നായികേട്ടു ഞാന്‍ ഹര്‍ഷപുളകിതനായി. കുറച്ച് അവന്‍ കയ്യീന്ന്‍ ഇട്ടതും കൂടിയായപ്പോള്‍ സംഗതി രസകരം. അട സക്കെ..!!!

‘ഡാ അണ്ണൂ... എന്ന് എന്നെ വിളിച്ചിരുന്ന അവന്‍ ജയന്തിയെ ‘ചേന്തീ’ എന്നാണു വിളിക്കുന്നത്‌ എന്ന് മനസ്സിലാക്കിയ ഞാന്‍ അതിലെ രസം നാട്ടില്‍ പാട്ടാക്കി പറ്റുമ്പോലെ ചിരിച്ചുമറിഞ്ഞു നിര്‍വൃതി അടഞ്ഞു. കാരണം വിളിക്കുന്നത്‌ അങ്ങനെയാണെങ്കിലും കേള്‍ക്കുന്നത്..... ശോ! അത് ഞാമ്പറയില്ല കേട്ടോ.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍..... അതാണല്ലോ അതിന്‍റെ ക്രമം.

ആ വര്‍ഷത്തെ പള്ളിപ്പെരുനാളുകളുടെയും ഉത്സവപറമ്പുകളുടെയും എന്‍റെ കൂട്ടാളി ഈ ‘രായു’ ആയിരുന്നു. ‘രായു’ അങ്ങനായിരുന്നു ചേന്തി വിളിച്ചിരുന്നത്.

അങ്ങനെ പകലത്തെ ചുട്ടുപൊള്ളലും രാത്രിയിലെ മരംകോച്ചും പിന്നിട്ടു ആ വര്‍ഷത്തെ വിഷുക്കാലം വന്നെത്തി. വിഷുവിന്‍റെ തലേന്ന് വൈകുന്നേരം രാജു ഉത്സാഹവാനായി എന്‍റെ വീട്ടിലെത്തി.

‘ഡാ അണ്ണൂ... നീ ഒന്ന് വന്നെ.... നമുക്ക് ഗുണ്ട് വെടിക്കാം... ഞാ വാങ്ങി വച്ചിറുക്കെ....’

‘എന്തോന്നാ പടക്കമാണോ....?’

‘വിസു അല്ലെ.... ചേന്തിക്ക് ഒരു രസവുമില്ലെന്ന് അവള്‍ക്കു ഒരേ പുകാര്‍... അതിനാലെതാ ഗുണ്ട് എല്ലാമേ വാങ്ങിയിരുക്ക്... നീ വാ.... എനിക്ക് ഗുണ്ട് റൊമ്പ ഭയം...’

‘അതിലും പേടിയാ എനിക്ക്... പടക്കം പൊട്ടിക്കല്‍ ഈസ് ഇഞ്ചുരിയസ് ടൂ ഹെല്‍ത്ത് എന്ന് കേട്ടിട്ടില്ലേ..’ ഞാന്‍ ഒഴിയാന്‍ നോക്കി.

സത്യം പറഞ്ഞാല്‍ ക്രിസ്തുമസിനു പോലും ഒരു പടക്കം വാങ്ങി പൊട്ടിക്കുന്ന പതിവ് എനിക്കില്ല. പിന്നയല്ലേ വിഷു. ഞാന്‍ ഇല്ലാ എന്ന മട്ടില്‍ തലകുലുക്കിക്കുലുക്കി നിന്നു.

‘നീ അടുത്ത് വന്നു ഒണ്ണ് നിന്നാ മതി. ഞാന്‍ വെടിച്ചോളാം..’

ആ ഉപായം എനിക്കിഷ്ടായി. ഞാന്‍ സമ്മതിച്ചു. അങ്ങനെ ഞങ്ങള്‍ ഇരുവരും രാജുവിന്‍റെ പുരയിലെത്തി. ജയന്തി വീടിനുള്ളിലായിരുന്നു.

‘എടി ചേന്തീ... വാടീ... ഗുണ്ട് വെടിക്കാം.... അണ്ണു വന്തിട്ടെ.....’ രായു അകത്തേക്ക് നോക്കി തൊള്ള തുറന്നു.

ഒതുക്കത്തോടെ വരാന്തയില്‍ ഇരുന്ന കൂട് തുറന്നപ്പോള്‍ പത്തുരണ്ടായിരം രൂപയുടെ പടക്കങ്ങള്‍..! എല്ലാ ഐറ്റംസും യഥേഷ്ടം ഉണ്ട്.

ജയന്തി ഏഴുമാസം വളര്‍ന്ന വയറും താങ്ങി വിളറി വെളുത്ത് വരാന്തയില്‍ എത്തി.

‘ഇത് കുറെ ഉണ്ടല്ലോ...’ ഞാന്‍ കൂറി. (അത്ഭുതം)

‘വിശു ഉശാറാക്കണ്ടേ.. ന്നാ വെടിക്ക്’ അവന്‍ പെരുമപ്പെട്ട്, കൂട് മുഴുവനായി എന്‍റെ നേര്‍ക്ക്‌ തള്ളി വച്ചു നൈസായി കാലു മാറി.

ഞാന്‍ മനസ്സില്ലാമനസ്സോടെ കൂടിനടുത്തെത്തി. ജയന്തിയുടെ മുന്‍പില്‍ പടക്കം പൊട്ടിക്കാന്‍ പേടിയുണ്ട് എന്ന് പറയാന്‍ ലജ്ജ തോന്നിയതുകൊണ്ട് ഞാന്‍ ആ കടുംകൈയ്ക്ക് രണ്ടും കല്‍പ്പിച്ച് തയാറായി.

പൂത്തിരി, കമ്പിത്തിരി, കൊടചക്രം ഇത്ത്യാതി നിരുപദ്രവകരമായ സംഗതികള്‍ പൊട്ടിച്ച് ഒരു ശൂരനെപോലെ ഞാന്‍ ഞെളിഞ്ഞു നിന്നു. ഉത്സാഹം വിതറി ഓരോന്ന് കത്തിതീരുമ്പോഴും രാജു ആഹ്ലാദത്തോടെ, എന്നാല്‍ തെല്ലു ഗര്‍വ്വോടെ പ്രിയതമയെ നോക്കാന്‍ മറന്നില്ല. ജയന്തിയും ശാരീരിക അസ്വസ്ഥതകൾ മറന്ന് പറ്റുന്നപോലെ ‘അയ്യോ’ ‘ഉയ്യോ’ ‘ഹോ’ എന്നൊക്കെ ആര്‍ത്തു വിളിച്ച് എന്ജോയി ചെയ്തു. കളം കൊഴുത്തപ്പോള്‍ എനിക്കും പ്രസരിപ്പ് കൂടിക്കൂടി വന്നു.

നിരുപദ്രവസംഗതികള്‍ തീര്‍ന്നപ്പോള്‍ എന്‍റെ നെഞ്ചൊന്നു പിടച്ചു. ബീഡി, ഓല, വാണം, അമിട്ട് എന്നിവയുടെതാണ് അടുത്ത ഊഴം. ന്‍റെ കണ്ണ് തള്ളി.

‘ഇനി നാളെ പൊട്ടിക്കാം....’ ഞാന്‍ ചെറിയൊരു നമ്പരിട്ടു നോക്കി.

‘ഇനി വാണം വിടാം....’ രാജു പിന്തിരിയാന്‍ ഭാവമില്ലായിരുന്നു. അവന്‍ ആവേശം ചോരാതെ വാണപ്പെട്ടി തുറന്നുവച്ചു. കൊലകൊമ്പന്മാരായ പത്ത് വാണങ്ങള്‍ പ്രൌഡിയോടെ ആ കൂടില്‍ വിശ്രമിക്കുന്നതുകണ്ട് ഞാന്‍ ഞെട്ടി. അവന്‍ മുന്നുംപിന്നും നോക്കാതെ അതിലൊരെണ്ണം ഇടതുകൈയ്യിലെടുത്തു വലതു കൈകൊണ്ടു തിരി കൊളുത്തി. ‘രാജൂ... എവിടെങ്കിലും കുത്തിവച്ച്................................’ എന്റെ മുന്നറിയിപ്പ് പൂര്‍ത്തിയാകും മുന്‍പേ വാണത്തിന്‍റെ വാലിനു തീ പിടിച്ചിരുന്നു.

തീ പിടിച്ചതും അവന്‍ കൈയ്യിലിരുന്ന വാണം ഒരു ഞെട്ടലോടെ ഒറ്റയേറ്...!!!!!

ശീ........ശീ...................

വാണം ചീറ്റിക്കൊണ്ട് ഒരു കുറ്റിചെടിയുടെ മുകളില്‍ പോയിരുന്ന് ബാക്കികൂടി ചീറ്റിവിറച്ചുകൊണ്ട് പുറപ്പെടാന്‍ തയാറെടുത്തു. ഇടയ്ക്ക് ഒന്ന്‍ കണ്ണ്ചിമ്മി വാണത്തിലേക്ക് വെറുതെ ഒന്ന് നോക്കിയ ഞാന്‍ ഞെട്ടി.

‘രാജൂ.......... അത് വീടിന്റെ നേര്‍ക്കാണ് ഇരിക്കുന്നത്...!’ പുല്ലിട്ടുമേഞ്ഞ പുരയാണ്. അകത്തെങ്ങാനും കയറി പൊട്ടിയാല്‍.....’

രാജുവും സൂക്ഷിച്ചു നോക്കി. വിറയ്ക്കുന്ന വാണത്തിന്റെ മുന്‍വശം വരാന്തയില്‍ നില്‍ക്കുന്ന ജയന്തിയുടെ നേര്‍ക്ക്‌....!!!!!!

‘എന്റമ്മോ......’ രാജു അലറി.

‘എടി.... ചേന്തീ .... ഓടിക്കോടീ.........’ എല്ലാം മറന്നു അവന്‍ കൂവിവിളിച്ചുക്കൊണ്ട് വലിയ മണ്‍തിട്ടയില്‍ നിന്ന് താഴേയ്ക്ക് എടുത്തുചാടി പറപറന്നു...!

ഞാനും എതിലെ പോയെന്നു എനിക്കുപോലും പിടികിട്ടിയില്ല...!

മൂട് കത്തിത്തീര്‍ന്നു വാണം ഹൂങ്കാരശബ്ദത്തോടെ വീടിനെ ലക്ഷ്യമാക്കി കുതിച്ചെത്തി. വരാന്തയ്ക്കടുത്തെത്തിയതും ദൈവത്തിന്‍റെ കൃപയാല്‍ ലക്‌ഷ്യം മാറി വീടിനു മുകളിലേക്ക് പറന്നുപൊങ്ങി ഒരു വലിയ പ്ലാവിന് മുകളിലെത്തി ദിഗന്തം നടുങ്ങുമാറുച്ചത്തില്‍ പൊട്ടിത്തെറിച്ചു.

അപ്രതീക്ഷിതമായി പ്രകൃതി നടുങ്ങി. ഞാന്‍ നടുങ്ങി..... രാജു നടുങ്ങിയോ..? ജയന്തി നടുങ്ങിയോ...? അല്ല അവരൊക്കെ എവിടെ...?

നോക്കുമ്പോള്‍ രാജു ഒന്നുമറിയാത്തപോലെ താഴെനിന്നു തൊടിയിലൂടെ കയറിവരുന്നു.

‘ഇതിനാണ് ഊളത്തരം എന്ന് പറയുന്നത്... ദൈവാധീനം കൊണ്ടാണ് അത് പുരയ്ക്ക് മുകളിലേക്ക് ഗതിമാറി പോയത്...’ ഞാന്‍ ശരിക്കും ദേഷ്യപ്പെട്ടു. അവന്‍റെ മോന്ത വളിച്ചിരിക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

നോക്കിയപ്പോള്‍ ജയന്തിയെ വരാന്തയില്‍ കണ്ടില്ല.

‘ജയന്തി എവിടെ...?’ ഞാന്‍ ആകാംഷയോടെ തിരക്കി. രാജു തിരക്കിട്ട് ചുറ്റും വീക്ഷിക്കുന്നതിനിടയില്‍ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടു. മണ്‍തിട്ടയ്ക്ക് താഴെ വയറില്‍ അമര്‍ത്തിപിടിച്ചു കൊണ്ട് വീണുകിടക്കുകയാണ് ജയന്തി......

എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ കെട്ടിയോന്‍ ഓടിയ പുറകെ ഓടിയതാണ്, പാവം...!

‘ചേന്തീ..........................................................’ അലറികൊണ്ട് രാജു ഓടിയെത്തി അവളെ എഴുന്നേല്‍പ്പിച്ചു താങ്ങിപ്പിടിച്ചു കൊണ്ടുവന്നു വരാന്തയില്‍ കിടത്തി.

ചങ്കു പിടയ്ക്കുകയായിരുന്നു.

‘പറ്റിയോ...? എന്തെങ്കിലും പറ്റിയോ...?’ ആകെ ചമ്മി നാശമായ ഞാന്‍ മടിച്ചു മടിച്ചു ചോദിച്ചു.

എന്തോ പറയാന്‍ ശ്രമിക്കുന്നതിനിടയില്‍ ജയന്തിയുടെ ബോധം മറയുന്നത് കണ്ടു..

പിന്നെ താമസിച്ചില്ല. ജീപ്പ് വിളിച്ചു.

തിരക്കിട്ടോടി വന്നു ഡ്രസ്സ്‌ മാറി പോകുന്ന എന്നെ കണ്ടു അമ്മ പന്തികേട്‌ മണത്തു.

എന്താടാ... എന്തുണ്ടായി...?

‘ജയന്തി വീണു. ബോധം പോയി...’ ഞാന്‍ ഓടുന്നതിനിടയില്‍ പറഞ്ഞു.

‘ദൈവമേ ബ്ലീഡിംഗ് വല്ലതും.....ഇവന്മാരുടെ ഓരോ വിവരമില്ലായ്മകള്‍....’

അങ്ങനെ ജയന്തി ഹോസ്പിറ്റലില്‍ അഡ്മിറ്റായി.

നീണ്ട പരിശോധനകള്‍ നടന്നു. പിടയ്ക്കുന്ന നെഞ്ചുമായി ഒരു കെട്ടിയോനും ഒരു ‘വെറുതെക്കാരനും’ ആശുപത്രിവരാന്തയില്‍ ഒന്നും മിണ്ടാതെ ഏറെനേരം തെക്ക് വടക്ക് നടന്നു. കുഴപ്പമൊന്നും കണ്ടെത്താന്‍ ഡോക്ടര്‍ക്കായില്ല. ഭാഗ്യം...! ദൈവാധീനം..! രണ്ടു ദിവസത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ജയന്തി ഡിസ്ചാര്‍ജ് ആയത്.

സത്യം പറഞ്ഞാല്‍ ജയന്തി പ്രസവിക്കും വരെ രാജുവിനെപോലെ തന്നെ എനിക്കും ടെന്‍ഷന്‍ ആയിരുന്നു. ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന്‍റെ മുഖം കണ്ടതിനു ശേഷമാണ് അത് കുറച്ചെങ്കിലും മാറിയത് തന്നെ.

കണ്ണ് കാണാമോ..? ചെവി കേള്‍ക്കാമോ...? കൈയ്ക്കും കാലിനും സാധീനക്കുറവുണ്ടോ ഇത്യാദി കാര്യങ്ങള്‍ ഞാന്‍ സാകൂതം നിരീക്ഷിച്ചു കൊണ്ടിരുന്നു. ജയന്തിയുടെ ആ വീഴ്ച അത്രകണ്ട് എന്നെ ഭയപ്പെടുത്തിയിരുന്നു എന്നതാണ് സത്യം.

ആദ്യ കുഞ്ഞു ജനിച്ചശേഷം അവര്‍ വാടകവീടൊഴിഞ്ഞു മറ്റെവിടെയ്ക്കോ താമസം മാറിപ്പോയി.

കാലം കടന്നുപോയി.

വിധിയുടെ ആവര്‍ത്തനം പോലെ അധികം തണുപ്പില്ലാത്ത ഇക്കഴിഞ്ഞ ജനുവരിയില്‍ ജയന്തിയെയും മകനെയും വീണ്ടും കാണാന്‍ ഇടയായി. (മറ്റൊരു വിഷുക്കാലത്ത് ഇതെഴുതുവാനും.)

മൂന്ന് ആണ്മക്കള്‍ അടങ്ങുന്ന സന്തുഷ്ടകുടുംബത്തെപ്പറ്റി ജയന്തി ചെറുതായി വിശദീകരിച്ചു. എല്ലാവരും സുഖമായി ഇരിക്കുന്നു എന്ന് ജയന്തി സന്തോഷത്തോടെ അറിയിച്ചു.

‘ഇവനാണ് മൂത്തവന്‍’. കൂടെയുള്ളവനെ അവള്‍ തൊട്ടു കാണിച്ചു.

അന്നത്തെ ചെക്കന്‍ വളര്‍ന്നു ഇന്ന് ഇരുപതുകാരന്‍ ആയിരിക്കുന്നു. അന്ന് പൊങ്ങിപോയ വാണം പോലെ ആയിരുന്നു അവന്‍റെ ശരീരപ്രകൃതി. അയഞ്ഞ ഷര്‍ട്ടിലും ഇറുകിയ ജീന്‍സിലും അവനെ അങ്ങനെ തോന്നിപ്പിച്ചു. അവന്‍ എന്നെ നോക്കി ചുണ്ട് പിളര്‍ത്തി വെളുക്കെ ചിരിച്ചു. അന്നത്തെ കമ്പിത്തിരി കത്തുന്നതുപോലെയായിരുന്നു അത്. ചിരി അവസാനിച്ചപ്പോള്‍ ഒരു പൂത്തിരി പൊട്ടിത്തീര്‍ന്ന പ്രതീതിയും.

രാജുവിന്‍റെ വിശേഷങ്ങള്‍ തിരക്കുന്നതിനിടയിലാണ് ചെക്കന്‍റെ മുഖത്തെ ചെറിയ ‘ചളുക്കം’ എന്‍റെ ശ്രദ്ധയില്‍ പെട്ടത്.

അന്നത്തെ വീഴ്ചയില്‍ പറ്റിയതാണോ...? എന്ന് ചോദിക്കാന്‍ തുനിഞ്ഞെങ്കിലും ചോദിച്ചില്ല. ഒരുപക്ഷെ ആ കോട്ടം അവരുടെ ശ്രദ്ധയില്‍ പെടാത്ത ഒന്നാണെങ്കില്‍ ഞാനായിട്ടെന്തിനാ വെറുതെ...........

അവര്‍ സ്നേഹത്തോടെ യാത്രപറഞ്ഞു അകന്നു. പിന്നിട്ടു പോയ ആ വിഷുക്കാലം ഓര്‍ത്തുകൊണ്ട്‌ ഞാനും.

↑ top