≡ ഏപ്രില്‍ 2016 ലക്കം
കവിത

അവസ്ഥാന്തരം

പൊള്ളിയും പൊറുത്തും
പെൺകുട്ടി വീട്ടമ്മയാവുന്നു ..
പുതുചേല ചുറ്റി
വിങ്ങുന്ന മൗനം തിളപ്പിച്ചു
ചായ കൂട്ടുന്നു ...
നെഞ്ചിൻ നെരിപ്പോടിൽ
തീച്ചൂട് കായുന്നു ...
കാലചക്രം കറങ്ങവേ
തളിരുറച്ചു തഴമ്പിച്ച കൈയ്യുകൾ
തെല്ലുമേ കൈപ്പിഴപറ്റാതെ,
വാഴ്‍വിന്റെ കല്ലും കരടും
പാറ്റിക്കൊഴിക്കുന്നു ...
നന്മതൻ നെന്മണി മാത്രം
തിരഞ്ഞെടുത്തോമൽ
ക്കിനാവിന്റെ കനലെരിച്ചേ
തീയടുപ്പൂതിയെരിക്കാൻ പഠിക്കുന്നു ....
വെന്തു മലർന്ന നേരിന്റെ വെൺവറ്റ്
കാരുണ്യമേറുന്ന വാക്കിന്റെ
നീക്കു പലകയാലേ വാർത്തെടുത്തു,
വായ്ച്ചിടും കാരുണ്യമോടെ
നാക്കിലയിൽ വിളമ്പുന്നു ...
വിയർപ്പാറാതെയും ,
വിശപ്പോർക്കാതെയും ,
വാൽസല്യ സ്നേഹഗന്ധം
ചുരത്തിയെന്നും വീടിനെ -
ചേർത്തണച്ചേയുറങ്ങുവാൻ പോകുന്നു ..
ഉള്ളുറങ്ങാതെ മയങ്ങുന്ന പ്രജ്ഞയിൽ,
ഇളവെയിൽ നാളം തെളിയും
കിനാവിന്റെ കോലായ മുറ്റത്ത്,
ചേലിൽ പാവാട ചുറ്റിയൊരു
പൂക്കാലം കണ്മിഴിക്കുന്നു ...
പുലരിയിലൊരൊറ്റപ്പൂവൻ കോഴി -
കൂകിയുണർത്തും വരെ ,
യല്ലെങ്കിൽ ,അരികത്തു നിന്നൊരു
ചെറുചിണുക്കം ,
അതിൻ നേർത്ത ചീളുകൾ-
ഹൃത്തിൽ കമ്പനം തീർക്കും വരെ ...
ചറുപിറുന്നനെയോർമ്മ തൻ
ചാറ്റമഴയിരമ്പത്തിൽ
കുളിർന്നേ മയങ്ങുന്നു ..
കണ്ണിൽ കിനാവിന്റെ നക്ഷത്രപ്പൂക്കൾ ,
തിളങ്ങുന്നൊരു കുഞ്ഞു പാവാടക്കാരി .......!

↑ top