≡ ഏപ്രില്‍ 2016 ലക്കം
കാര്‍ഷികം

ടെറസ്സിലെ കൃഷി - വിജയിച്ച ഒരു പരീക്ഷണം

പല തരത്തിലുള്ള ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് ഗൾഫിലെ മണലാരണ്യങ്ങളിൽ അലയാൻ വിധിക്കപ്പെട്ട ഒരുപാട് ജന്മങ്ങളുണ്ട്. ജീവിതക്കുരുക്കുകൾ അഴിച്ചെടുക്കാൻ ശ്രമിക്കുന്തോറും അതിനാവാതെ പരാജയപ്പെടുന്നവർ. ചുരുക്കം ചിലർ വിജയിക്കുന്നു, ഭൂരിപക്ഷം പരാജയത്തിന്റെ കയ്പു നീരും കുടിച്ച് ജന്മനാടിന്റെ പച്ചപ്പും മനസ്സിലേറ്റി തന്റെ അലച്ചിൽ തുടരുന്നു. അത്തരത്തിൽ സാധാരണമായ ഒരു ഗൾഫ് ജീവിതമായിരുന്നു ഞാനും നയിച്ചിരുന്നത്. ജീവിതം കെട്ടിപ്പടുക്കണമെന്ന ആഗ്രഹത്തോടെ ഗൾഫിലെത്തുന്ന ഏതൊരു മലയാളിയെയും പോലെ, ചെറിയൊരു ജോലി, കൂട്ടുകാരോടൊത്ത് ഷയറിംഗിൽ ഒരു മുറി, ജോലി കഴിഞ്ഞാൽ താമസസ്ഥലം..കഴിഞ്ഞു ജീവിതം. അപ്പോഴും മനസ്സിൽ താലോലിച്ചിരുന്നത് കൃഷിയും, പച്ചപ്പ് നിറഞ്ഞ കണ്ണെത്താത്തിടത്തോളം പരന്ന് കിടക്കുന്ന നെൽപ്പാടങ്ങളും. സ്വന്തമായി പത്ത് സെന്റ് സ്ഥലം മാത്രമുള്ള തനിക്ക് അത് അപ്രാപ്യമെങ്കിലും സ്വപ്നങ്ങൾക്ക് അതിരില്ലല്ലോ. ആ സ്വപ്നവുമായി പതിനാറു വർഷത്തോളം ഗൾഫിൽ കഴിച്ചു കൂട്ടി. ഇനിയുമൊരു മടക്കയാത്ര ഇല്ലെന്ന് മനസ്സിലുറപ്പിച്ച് ഇത്തവണ ഗൾഫിൽ നിന്നും വിമാനം കയറുമ്പോൾ ചില കണക്കു കൂട്ടലുകളൊക്കെ ഉണ്ടായിരുന്നു.

എങ്ങനെയും അല്പം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുക. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുക. പക്ഷെ നാട്ടിലെത്തി സ്ഥിതിഗതികൾ തൊട്ടറിഞ്ഞ് മനസ്സിലാക്കിയപ്പോൾ അത് വെറും സ്വപ്നമായി അവശേഷിക്കുകയേ ഉള്ളെന്ന് വളരെ വേഗം തിരിച്ചറിഞ്ഞു. സ്ഥലം പാട്ടത്തിനെടുക്കുക എന്ന ഉദ്യമത്തിൽ നിന്നു പിന്മാറിയെങ്കിലും കൃഷിസ്നേഹം മനസ്സിൽ വല്ലാതെ ഉയർന്നു നിന്നു. കുടുംബത്തിന്റെ പിന്തുണയും കാര്യമായി തന്നെ ഇക്കാര്യത്തിൽ കിട്ടിയപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും മനസ്സിൽ ശക്തമായി. കൂടാതെ അതിർത്തി കടന്നു വരുന്ന വിഷാംശം കലർന്ന പച്ചക്കറി കഴിക്കാനുള്ള വിമുഖതയും. കുട്ടികളെങ്കിലും നല്ല ഭക്ഷണം കഴിക്കട്ടെ എന്നുള്ള ചിന്തയും ഒത്ത് ചേർന്നപ്പോൾ നോട്ടം ടെറസിലേക്കായി.

ആയിരത്തി ഇരുനൂറു ചതുരശ്ര അടി ടെറസുണ്ട്. ഗ്രോബാഗിലെ കൃഷി നവമാധ്യമങ്ങളിൽ കൂടിയും, ജനശ്രീ മുതലായ കൂട്ടായ്മകൾ വഴിയും തരംഗമാകുന്നത് ശ്രദ്ധിക്കാറുണ്ടായിരുന്നു. അതനുസരിച്ച് ഏകദേശം അഞ്ഞൂറു ഗ്രോബാഗ് സ്വന്തം ടെറസിൽ വയ്ക്കാമെന്ന് മനസ്സിലാക്കിയ ഞാൻ നേരെ കൃഷി ഭവനിലേക്ക് വച്ചു പിടിപ്പിച്ചു. വളരെ താത്പര്യത്തോടെ എന്റെ ആവശ്യങ്ങൾ ശ്രവിച്ച കൃഷി ഉദ്യോഗസ്ഥർ എന്നോട് മഴമറയെ പറ്റി സംസാരിച്ചു. നേരത്തെ തന്നെ മഴമറയെ പറ്റി കേട്ടറിഞ്ഞും, കണ്ടറിഞ്ഞും പ്രസ്തുത കൃഷിരീതിയെ പറ്റി ഏകദേശ ധാരണ എനിക്കുണ്ടായിരുന്നു. അതിനാൽ തന്നെ മഴമറ ടെറസിൽ സ്ഥാപിക്കാം എന്ന ആശയവുമായി അതിവേഗം മുന്നോട്ട് പോയി. കൃഷിഭവനിൽ നിന്ന് സബ്സിഡിയും ലഭിക്കും എന്നറിഞ്ഞപ്പോൾ ആവേശം അതിരുകടന്നു. പതിനഞ്ചു ദിവസത്തിനുള്ളിൽ ടെറസിനു മുകളിൽ മഴമറ കുട വിരിച്ചു. മഴമറ സ്ഥാപിച്ചതു കൊണ്ട് മാത്രം ആയില്ലല്ലോ. മണ്ണ്, ചാണകം തുടങ്ങിയവ ഉണ്ടെങ്കിൽ മാത്രമേ ഗ്രോബാഗ് നിറച്ച് തൈ നട്ട് പിടിപ്പിച്ച് അവ ടെറസിലേക്ക് എത്തിക്കാൻ കഴിയൂ.

മണ്ണ് ലഭിക്കാൻ അല്പം കഷ്ടപ്പെട്ടു. ഒരു നഴ്സറിക്കാരനുമായി ബന്ധപ്പെട്ട് കൃഷിക്കനുയോജ്യമായ മേൽമണ്ണ് സംഘടിപ്പിച്ചു. ചാണകത്തിനായി പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സുഹൃത്തിനെ സമീപിച്ചു. എത്ര വേണമെങ്കിലും എടുത്ത് കൊണ്ട് പൊയ്ക്കോളൂ എന്ന് അദ്ദേഹം. കുറേശേ എല്ലാം എത്തിച്ചു. മണ്ണ്, ചകിരിച്ചോർ, ചാണകപ്പൊടി ഇവ സമാസമം എല്ലാ ഗ്രോബാഗിലും നിറച്ചു. സീഡ് ട്രേയിൽ പാകി കിളിർപ്പിച്ച തൈകൾ വളരുന്നതനുസരിച്ച് ഗ്രോബാഗിലേക്ക് മാറ്റി നട്ട് കൊണ്ടേയിരുന്നു. കൃത്യം നാല്പത്തിയഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും വെണ്ടയിൽ നിന്നും കായ്കൾ പറിച്ചെടുക്കാൻ കഴിഞ്ഞു. മുളക്, തക്കാളി, അമര, പയർ, വെള്ളരി, പാവൽ, ചീര, കൂർക്ക, പാലക്ക്, കാബേജ്, ക്വാളിഫ്ലവർ തുടങ്ങിയ പച്ചക്കറികളെല്ലാം തലയെടുത്തു. ടെറസ് ഹരിതാഭമായി. രണ്ട് നേരം നന, നേരാം വണ്ണമുള്ള വളപ്രയോഗം, കീട നിയന്ത്രണത്തിനു ജൈവ കീടനാശിനികൾ, സഹായത്തിനു കുടുംബം മുഴുവൻ, വിഷരഹിത പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങൾ ഒരുമിച്ച് കൈപിടിച്ച് നടന്ന് കയറി. ഇപ്പോൾ എല്ലാ ദിവസവും പച്ചക്കറികൾ ലഭിക്കുന്നത് കൂടാതെ ആവശ്യത്തിൽ കഴിഞ്ഞുള്ളവ അയല്പക്കത്ത് വില്പന നടത്താനും കഴിയുന്നു. അഭിമാനത്തെക്കാളേറെ അയൽ സംസ്ഥാനങ്ങളുടെ വിഷപ്പച്ചക്കറിയോട് വിടപറയാൻ കഴിഞ്ഞുവല്ലോ എന്ന ആശ്വാസമാണു ഇപ്പോൾ.

ചിത്രങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക

“ചങ്ങനാശേരി ജംഗ്ഷൻ” എന്ന ഫേസ്ബുക്ക് കൂട്ടായ്മ നടത്തിയ അടുക്കളത്തോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ ഈ ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചു എന്നതും എന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണു. നമുക്കേവർക്കും അല്പം സമയം ചിലവഴിക്കാനുള്ള നല്ല മനസ്സുണ്ടെങ്കിൽ നമ്മുടെ തുണ്ട് ഭൂമിയിൽ തന്നെ പച്ചക്കറികൾ വിളയിക്കാം. നാളത്തെ തലമുറയ്ക്ക് കലർപ്പില്ലാത്ത ഭക്ഷണം നൽകുകയും അവരെയും ഈ കാർഷിക സംസ്കാരത്തിലേക്ക് കൈപിടിച്ച് നടത്തുക എന്ന ദൗത്യവും നമ്മൾ ഏറ്റെടുക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. രാവിലെയും വൈകിട്ടും മട്ടുപ്പാവിൽ അല്പ സമയം കുടുംബത്തോടൊപ്പം കൃഷിജോലികളിൽ മുഴുകുമ്പോൾ ലഭിക്കുന്ന ആത്മഹർഷം എന്തു വില കൊടുത്താലും ലഭിക്കുകയില്ല. ഗൾഫിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നും വന്ന് ഇത്തരത്തിൽ കൃഷി ചെയ്ത് അല്പം പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ശ്രമിച്ച് വിജയിച്ച ചരിത്രം ഇ മഷി വായനക്കാരുമായി പങ്കു വയ്ക്കാൻ കാരണം, ഇ മഷിയുടെ പ്രധാന വായനക്കാർ ഗൾഫ് മലയാളികൾ ആണെന്നത് തന്നെ. ഏതെങ്കിലും വിധത്തിലും ഒരാൾക്കെങ്കിലും ഇത് പ്രചോദനമായെങ്കിൽ ഞാൻ സന്തോഷിക്കുന്നു.

↑ top