≡ ഏപ്രില്‍ 2016 ലക്കം

എഡിറ്റോറിയല്‍

സ്കൂളവധിയുടെയും മാമ്പഴമണത്തിന്റെയും ഗൃഹാതുരത്വവുമായി വീണ്ടുമൊരു ഏപ്രിൽ.

എങ്ങും മഞ്ഞ നിറമാണ്. ജീവിതം അതിവേഗതയിലോടുന്ന, ടാറിട്ട റോഡരികിൽ മഞ്ഞമുണ്ടുടുത്ത കൊന്നമരങ്ങൾ തലയാട്ടി വിളിച്ചു മന്ദഹസിക്കുന്നു. നാട്ടിൻപുറത്തെവിടെയോ അടർന്നുവീണ കശുമാമ്പഴത്തിന്റെ ചവർപ്പ് നിറഞ്ഞ മധുരം നാവിൽ കിനിയുന്നു. മാങ്ങകൾ, മാങ്ങകൾ - കർപ്പൂരം, കിളിച്ചുണ്ടൻ, മൂവാണ്ടൻ. ഓരോന്നും ഓരോ ഓട്ടവും തമ്മിൽത്തല്ലും ചുണ്ട് കവിഞ്ഞു താടി വഴി ഒഴുകുന്ന ഏപ്രിലിന്റെ മധുരങ്ങളുമാണ്.

ശ്രീബുദ്ധൻ ജനിച്ച ഏപ്രിൽ മാസം ശുഭാരംഭത്തിന്റെ വിഷുക്കണിയായും നമ്മുടെ മുന്നിലെത്തുന്നു. കണ്ണുകൾ തുറക്കേണ്ടത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറഞ്ഞ വിശുദ്ധിയിലേയ്ക്കാണ്.

സിനിമാലോകത്തിന് വീണ്ടും തീരാനഷ്ടങ്ങൾ. ജിഷ്ണുവും, വീ. ഡീ. രാജപ്പനും നമ്മെ വിട്ടുപിരിഞ്ഞു. ഇ-മഷിയുടെ അനുശോചനങ്ങൾ.

ഉത്സവങ്ങൾക്ക് കരിയും കരിമരുന്നും വേണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉത്സവത്തിമിർപ്പിൽ പൊലിഞ്ഞ ജീവിതങ്ങളുടെ ഓർമയിൽ ഇ-മഷിയുടെ കണ്ണുനീർപുഷ്പങ്ങൾ.

വേനൽച്ചൂടിൽ കേരളം ഉരുകുന്നു. തിരുത്താൻ കഴിയാത്ത ഒന്ന് പ്രകൃതിയോട് നാം കാട്ടുന്ന അനാദരവ് ആണെന്ന് പ്രകൃതി വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു. ഇ-മഷി പറഞ്ഞത് ഓർമയുണ്ടല്ലോ, ദാഹിക്കുന്ന കിളികൾക്കായി ഒരു പാത്രം വെള്ളം പുറത്തു കരുതുക.

നിറഞ്ഞ സ്നേഹം
ഇ-മഷി ടീം.

↑ top