≡ ഏപ്രില്‍ 2016 ലക്കം
സിനിമ

ലിയോനാര്‍ഡോ ഡി കാപ്രിയോ

ടൈറ്റാനിക്ക് എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്ന താരമാണ് ലിയോനാർഡോ ഡികാപ്രിയോ. സ്വന്തം പേരിനേക്കാളുപരി 'ജാക്ക്' എന്ന പേരിൽ ജനഹൃദയങ്ങളിൽ ഇടം നേടാനുള്ള ഭാഗ്യമോ നിർഭാഗ്യമോ ആണ് ടൈറ്റാനിക്കിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ അദ്ദേഹത്തെ തേടിയെത്തിയത്. പക്ഷേ ടൈറ്റാനിക്കിനേക്കാൾ മികച്ച പല ചലച്ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ദി ഏവിയേറ്റർ, ബ്ലഡ് ഡയമണ്ട്, ഷട്ടർ ഐലന്റ്, ദി വോൾഫ് ഓഫ് വാൾ സ്ട്രീറ്റ് എന്നിങ്ങനെ നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്.

എഴുത്തുകാരനായ ജോർജ്ജ് പോൾ ഡികാപ്രിയോയുടേയും ഇർമെലിന്റെയും മകനായി 1974-ൽ ആണ് അദ്ദേഹത്തിന്റെ ജനനം. ടെലിവിഷൻ പരമ്പരകളിലൂടെയും പരസ്യങ്ങളിലൂടെയും അഭിനയരംഗത്തേക്ക് കടന്നു വന്ന അദ്ദേഹത്തിന്റെ പ്രഥമ ചിത്രം 1993-ൽ പുറത്തിറങ്ങിയ 'ക്രിട്ടേഴ്സ് ത്രീ' ആയിരുന്നു.

1993-ൽ റിലീസ് ചെയ്ത 'വാട്ട് ഈസ്‌ ഈറ്റിങ്ങ് ഗിൽബർട്ട് ഗ്രേപ്പ്' എന്ന ചിത്രത്തിലെ മികച്ച പ്രകടനം ഡികാപ്രിയോയെ ഹോളിവുഡിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. ഈ ചിത്രത്തിലൂടെ അദ്ദേഹം മികച്ച സഹനടനുള്ള ഓസ്കാറിന് നോമിനേറ്റ് ചെയ്യപ്പെടുകയും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടുകയും ചെയ്തു. ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച ജോണി ഡെപ്പിന്റെ (പൈറേറ്റ്സ് ഓഫ് ദി കരീബിയൻ ഫെയിം) സഹോദരന്റെ വേഷമായിരുന്നു ഡികാപ്രിയോ ഈ ചിത്രത്തിൽ ചെയ്തത്. കേവലം 19 വയസ്സ് മാത്രമായിരുന്നു ആദ്യത്തെ ഓസ്കാർ നോമിനേഷൻ ലഭിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം.

ഹോളിവുഡിലെ സംവിധായക പ്രതിഭകളിൽ മുൻപന്തിയിലുള്ള ജെയിംസ് കാമറൂണിന്റെ മാസ്റ്റർപീസായ ടൈറ്റാനിക്കിലെ നായക വേഷമാണ് അദ്ദേഹത്തെ ലോകമെമ്പാടും ആരാധകരുള്ള താരമാക്കി മാറ്റിയത്. എന്നാൽ ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നില്ല എന്നതാണ് വസ്തുത. അദ്ദേഹത്തിന്റെ നായികയായി വേഷമിട്ട കേറ്റ് വിൻസ്ലെറ്റ് ആവട്ടെ ഓസ്കാർ നോമിനേഷനർഹയാവുകയും ചെയ്തു. അതിനു ശേഷം പുറത്തു വന്ന ദി മാൻ ഇൻ ദി അയേൺ മാസ്ക്(1998), ക്യാച്ച് മീ ഇഫ് യൂ കാൻ(2002), ഗ്യാങ്ങ്സ് ഓഫ് ന്യൂയോർക്ക്(2002) തുടങ്ങിയ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ അഭിനയപാടവം വെളിപ്പെടുത്തുന്നവയായിരുന്നു.

ഹൊവേർഡ് ഹ്യൂസ് എന്ന അതുല്ല്യ പ്രതിഭയുടെ വിസ്മയിപ്പിക്കുന്ന ജീവിതം അഭ്രപാളികളിലെത്തിച്ച ദി ഏവിയേറ്റർ(2005) എന്ന ചിത്രത്തിലെ അഭിനയമാണ് അദ്ദേഹത്തിന് വീണ്ടും ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം നേടിക്കൊടുത്തത്. 11 ഓസ്കാർ നോമിനേഷനുകൾ ലഭിച്ച ചിത്രം അഞ്ച് അക്കാഡമി അവാർഡുകൾ നേടിയെങ്കിലും ഡികാപ്രിയോ അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വർഷം 'ബ്ലഡ്‌ ഡയമണ്ടി'ലൂടെ അദ്ദേഹം മികച്ച നടനുള്ള ഓസ്കാർ പുരസ്കാരത്തിന്റെ പട്ടികയിൽ ഇടം നേടിയെങ്കിലും അപ്പോഴും നിരാശയായിരുന്നു ഫലം.

ദി ഡിപ്പാർട്ടഡ്(2006), ബോഡി ഓഫ് ലൈസ്(2008), ദി റാവലൂഷണറി റോഡ് (2008), ഷട്ടർ ഐലന്റ്(2010), ഇൻസെപ്ഷൻ(2010), ജാങ്കോ അണ്‍ചെയിന്‍ഡ്(2012) തുടങ്ങിയ പല മികച്ച ചിത്രങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയെങ്കിലും അതൊന്നും അദ്ദേഹത്തെ ഓസ്കാറിനർഹനാക്കിയില്ല.

2012-ൽ പുറത്തിറങ്ങിയ 'ദി വോൾഫ് ഓഫ് വാൾസ്ട്രീറ്റ്' എന്ന ചിത്രത്തിന്റെ ഭാഗമാവുക വഴി രണ്ട് ഓസ്കാർ നോമിനേഷനുകളാണ് ഡികാപ്രിയോയെ തേടിയെത്തിയത്. മികച്ച നടൻ, മികച്ച ചിത്രം (നിർമ്മാണം) എന്നീ വിഭാഗങ്ങളിലായിരുന്നു അവ. എന്നാൽ കയ്യെത്തും ദൂരത്ത് ഇത്തവണയും അദ്ദേഹത്തിന് ഓസ്കാർ നഷ്ടമായി. ജോർദാൻ ബെൽഫോർട്ട് എന്ന സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കറെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത്.

തന്റെ അഭിനയജീവിതത്തിൽ ഗോൾഡൻ ഗ്ലോബ് അടക്കമുള്ള നിരവധി ചലചിത്ര പുരസ്കാരങ്ങൾ നേടിയെങ്കിലും ഓസ്കാർ ഭാഗ്യം അദ്ദേഹത്തെ തുണയ്ക്കാൻ 2016 ഫെബ്രുവരി 28 വരെ കാത്തിരിക്കേണ്ടി വന്നു. ഡികാപ്രിയോയുടെ ആരാധകരുടെ കാലങ്ങളായുള്ള പ്രാർത്ഥനയ്ക്ക് വിരാമമിട്ടുകൊണ്ട് ലോസ് എയ്ഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ "അക്കാഡമി അവാർഡ് ഫോർ ബെസ്റ്റ് ആക്ടർ ഗോസ് റ്റു ലിയാർനാഡോ ഡികാപ്രിയോ" എന്ന വാചകം ഉയർന്നു കേട്ടു. വിഖ്യാത സംവിധായകനായ അലെജാൻഡ്രോ ഗോൺസാലസ് ഇനാരിറ്റു സംവിധാനം ചെയ്ത “ദി റവണന്റ്” എന്ന ചിത്രമാണ് അദ്ദേഹത്തിന് ഓസ്കാർ നേടിക്കൊടുത്തത്. വലിയ യാതനകൾ സഹിച്ചാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഹ്യൂ ഗ്ലാസിനെ അദ്ദേഹം അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണ കാലയളവിൽ തണുത്തുറഞ്ഞ നദിയിലും മഞ്ഞിലുമൊക്കെ അദ്ദേഹത്തിന് സമയം ചെലവഴിക്കേണ്ടി വന്നിരുന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനും കഴിവിനും ലഭിച്ച അംഗീകാരം തന്നെയാണ് വൈകിയാണെങ്കിലും ലഭിച്ച ഈ അക്കാഡമി പുരസ്കാരം എന്ന കാര്യത്തിൽ തർക്കമില്ല.

↑ top