≡ ഏപ്രില്‍ 2016 ലക്കം

അനുസ്മരണം

ജിഷ്ണു രാഘവന്‍

'നമ്മളി'ലൂടെ നമ്മൾ പരിചയപ്പെട്ട ഒരു നടനായിരുന്നു ജിഷ്ണു. അഭിനയ സാധ്യതകളുള്ള വലിയ വേഷങ്ങൾ ഒന്നും ചെയ്തിട്ടില്ല; ചെയ്തതിൽ തന്നെ മികച്ച കഥാപാത്രങ്ങൾ എന്ന് അവകാശപ്പെടാനും ഒന്നുമില്ലാത്ത ഒരു നടൻ. എന്നിട്ടും ജിഷ്ണു നമുക്ക് ഏറെ പ്രിയപ്പെട്ടവനായത് എങ്ങിനെ എന്ന് ചിന്തിക്കുമ്പോഴാണ് ജിഷ്ണു നമുക്കിടയിൽ പ്രസക്തനാകുന്നത്. കാൻസർ രോഗ ബാധിതനായ ശേഷം സോഷ്യൽ മീഡിയ വഴി ജിഷ്ണു നമ്മളോട് പങ്കു വച്ചത് വലിയ വലിയ ജീവിത വീക്ഷണങ്ങളായിരുന്നു. ജീവിതം കൈ വിട്ടു പോയി എന്നറിഞ്ഞിട്ടും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറച്ചു വിശ്വസിക്കുകയും ആത്മവിശ്വാസത്തോടെ സോഷ്യൽ മീഡിയയിലൂടെ നമ്മോട് നിരന്തരം സംവദിക്കുകയും ചെയ്ത ജിഷ്ണുവിനെ മലയാളിക്ക് മറക്കാനാകില്ല. ജിഷ്ണുവിന്റെ വാക്കുകൾ സമൂഹത്തിനു പകർന്ന ഊർജ്ജം ഒരിക്കലും കെട്ട് പോകുകയില്ല. അത് കൊണ്ട് തന്നെ ജീവിതത്തെ ഇത്രയേറെ പോസിറ്റീവ് ആയി കണ്ടിരുന്ന, പ്രതിസന്ധികളിൽ കൂടുതൽ ശക്തനായി നിന്ന് സംസാരിച്ചിരുന്ന ജിഷ്ണു വിടപറഞ്ഞു പോയെന്ന് ആരും വിശ്വസിക്കുന്നുമില്ല, വിശ്വസിക്കുകയുമില്ല. അങ്ങനെയൊക്കെയെങ്കിലും ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ ജിഷ്ണുവിന്റെ മുഖത്തെന്നും കണ്ടിരുന്ന ആ ചിരിയുണ്ടല്ലോ, അത് ഇനിയങ്ങോട്ട്‌ മലയാളിയുടെ മനസ്സിനെ എവിടെയൊക്കെയോ കുത്തി നോവിക്കുക തന്നെ ചെയ്യും.

വി. ഡി. രാജപ്പൻ

കഥാപ്രസംഗത്തിന് പുത്തൻ മുഖം സമ്മാനിച്ച കലാകാരനായിരുന്നു വി. ഡി. രാജപ്പൻ. മലയാളികൾ പാരഡി ഗാനങ്ങൾ ആദ്യമായി കേട്ട് തുടങ്ങിയതും വി. ഡി. രാജപ്പന്റെ കാസറ്റുകളിൽ കൂടിയാണ്. പ്രമുഖ കഥാപ്രാസംഗികർ അരങ്ങു വാണിരുന്ന ഒരു കാലത്ത്, അതും കഥാപ്രസംഗങ്ങളിൽ കോമഡിക്ക് ഒട്ടുമേ പ്രസക്തി കൽപ്പിക്കേണ്ടതില്ല എന്ന് ആരൊക്കെയോ ശഠിച്ചിരുന്ന കാലത്താണ് അദ്ദേഹം പാരഡി ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ഹാസ്യത്തിന്റെ മേമ്പൊടിയിൽ പ്രണയവും പ്രതികാരവും ദുഖവുമൊക്കെ അടങ്ങുന്ന കഥകൾ രസകരമായി മലയാളിക്ക് പറഞ്ഞു കൊടുത്തത്. വാഹനങ്ങളുടെ പ്രണയ കഥയായ 'അവളുടെ പാർട്സുകൾ' , തവളയുടെയും നീർക്കോലിയുടെയും പ്രണയകഥയായ 'മാക് മാക്' എന്നിവ ഇപ്പോഴും മലയാളി മനസ്സിൽ തങ്ങി നിൽക്കുന്ന പുതുമ വറ്റാത്ത കഥാപ്രസംഗങ്ങളാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ ഗൾഫ് നാടുകളിലും കേരളത്തിലും ഏറെ സ്വീകാര്യനായ ഒരു കഥാപ്രാസംഗികനായി അദ്ദേഹം മാറുകയുണ്ടായി. അക്കാലത്ത് ഗൾഫിൽ നിന്ന് വരുന്നവരെല്ലാം സ്ഥിരമായി അദ്ദേഹത്തിന്റെ കാസറ്റുകൾ കൊണ്ട് വരുമായിരുന്നു. ടി വി ഇല്ലാതിരുന്ന ആ കാലത്ത് അദ്ദേഹത്തിന്റെ ആഡിയോ കാസറ്റുകൾ മാത്രം മതിയായിരുന്നു മലയാളിക്ക് ഒരു ദിവസം മനസ്സ് നിറഞ്ഞു ചിരിക്കാൻ. ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, പൊത്തുപുത്രി, കുമാരി എരുമ, എന്നെന്നും കുരങ്ങേട്ടന്റെ, നമുക്കു പാർക്കാൻ ചന്ദനത്തോപ്പുകൾ അങ്ങിനെ എത്രയെത്ര കാസറ്റുകളിൽ കൂടിയാണ് അദ്ദേഹം നമ്മളെ ചിരിപ്പിച്ചിരിക്കുന്നത് . ചില ചിരികൾക്കിടയിൽ കൂടെ അദ്ദേഹം നമ്മെ വിഷമിപ്പിക്കുന്ന കഥ പോലും പറയുമായിരുന്നു . നീർക്കോലിയുടെയും തവളയുടെയും അനശ്വര പ്രണയ കഥയൊക്കെ അതിന്റെ ഉദാഹരണമാണ്. കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാൻ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി തമിഴടക്കം ഏകദേശം നൂറോളം ചിത്രങ്ങളിൽ വി. ഡി. രാജപ്പൻ അഭിനയിച്ചു. ഹാസ്യനടനായാണ് ഏറെയും വേഷമിട്ടത്. ടി.വി. സീരിയലുകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളിക്ക് എന്നും ഓർത്ത് ചിരിക്കാനായി ശുദ്ധ ചിരിയുടെ 'അമിട്ടു'കൾ സമ്മാനിച്ച് കൊണ്ട് ചിരിയുടെ മറ്റൊരു ലോകം തേടി യാത്രയായ വി ഡി രാജപ്പന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

↑ top